Connect with us

Kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണമെന്നും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം|കോട്ടക്കല്‍ നഗരസഭയില്‍ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുക്കാന്‍ കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണമെന്നും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയുടെ അന്വേഷണം. ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച പരിശോധനയില്‍ 38 പേരും അനര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. ഒരാള്‍ മരണപ്പെട്ടു, ബിഎംഡബ്ള്യു കാര്‍ ഉടമകള്‍, ചില വീടുകളില്‍ എയര്‍ കണ്ടിഷണര്‍ ഉള്‍പ്പെടെ സുഖ സൗകര്യങ്ങള്‍, ഭാര്യയോ ഭര്‍ത്താവോ സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും ക്ഷേമ പെന്‍ഷന്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു എന്നാണ് കണ്ടെത്തിയത്.