Connect with us

mathew kuzhal nadan

നികുതിവെട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെ ഇന്നു വിജിലന്‍സ് ചോദ്യം ചെയ്യും

സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും അടക്കാതെ ഖജനാവിന് നഷ്ടം വരുത്തിയെന്നുമാണ് പരാതി.

Published

|

Last Updated

ഇടുക്കി | നികുതിവെട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്‍ എം എല്‍ എ ഇന്നു വിജിലന്‍സിനു മുമ്പാകെ ഹാജരാകും. ഇടുക്കി ചിന്നക്കനാലില്‍ റിസോര്‍ട്ട് വാങ്ങിയതില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തൊടുപുഴ മുട്ടത്തെ വിജിലന്‍സ് ഓഫീസില്‍ രാവിലെ 11 നു ഹാജരാകണമെന്നാണ് നിര്‍ദേശം. വിജിലന്‍സിന് മുമ്പാകെ ഹാജരാകുമെന്ന് മാത്യു കുഴല്‍ നാടനും അറിയിച്ചു.

പ്രാഥമിക ഘട്ടമെന്ന നിലയില്‍ മാത്യു കുഴല്‍നാടന്റെ മൊഴിയെടുക്കും. 2022ല്‍ ആണ് മാത്യുവും സുഹൃത്തുക്കളും കപ്പിത്താന്‍സ് റിസോര്‍ട്ട് വാങ്ങിയത്. ഒരു കോടി 92 ലക്ഷം രൂപ ആധാരത്തില്‍ കാണിച്ച വസ്തുവിന് നാമനിര്‍ദേശത്തിനൊപ്പം നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ മാത്യുവിന്റെ ഷെയറായി മൂന്നര കോടി രൂപയാണ് കാണിച്ചിരിക്കുന്നതെന്നും ഏഴ് കോടി മതിപ്പ് വിലയുണ്ടായിട്ടും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും അടക്കാതെ ഖജനാവിന് നഷ്ടം വരുത്തിയെന്നുമാണ് പരാതി.

ഗാര്‍ഹിക ആവശ്യത്തിന് അനുമതി വാങ്ങിയ കെട്ടിടം പിന്നീട് റിസോര്‍ട്ടാക്കി മാറ്റിയെന്നും ആരോപണമുയര്‍ന്നു. മാത്യു കുഴല്‍നാടനു വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നും പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനാണ് പരാതി നല്‍കിയത്. കാലാവധി കഴിഞ്ഞ റിസോര്‍ട്ടിന്റെ ലൈസന്‍സ് അടുത്തിടെ പഞ്ചായത്ത് പുതുക്കി നല്‍കിയിരുന്നു.

 

Latest