CASE AGIANST VIJAY BABU
വിജയ് ബാബുവിന്റെ ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടി അയച്ച വാട്ട്‌സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും അഭിഭാഷകന്‍ മുഖേനെ കോടതിക്ക് കൈമാറി
കൊച്ചി | കോഴിക്കോട് സ്വദേശിനിയായ യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു സമര്‍പ്പിച്ച ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് ഉച്ചക്ക് പരിഗണിക്കും. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. നടിയുടേത് വ്യാജ പീഡന ആരോപണമാണെന്നാണ് വിജയ് ബാബു പറയുന്നത്. ബ്ലാക്ക് മൈലിംഗ് തന്ത്രമാണ് നടി പ്രയോഗിക്കുന്നതെന്നും വിജയ് ബാബുവിന്റെ ഹരജിയില്‍ പറയുന്നു. പരാതി വ്യാജമാണെന്ന് തെളിയിക്കാന്‍ നടി അയച്ച വാട്ട്‌സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു അഭിഭാഷകന്‍ മുഖേനെ ഹൈക്കോടതിക്ക് കൈമാറി.
2018 മുതല്‍ പരാതിക്കാരിയെ തനിക്ക് നേരിട്ടറിയാം. ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. നടി പല തവണ പണം കടം വാങ്ങിയിട്ടുണ്ട്. സിനിമയിലെ അവസരത്തിന് വേണ്ടി നടി നിരന്തരം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.
വിജയ് ബാബു തിങ്കളാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് കൊച്ചിയിലെത്തുമെന്നാണ് അഭിഭാഷകന്‍ എസ് രാജീവ് കോടതിയെ അറിയിച്ചിട്ടുള്ളത്. യാത്രാരേഖകളുടെ കോപ്പി കോടതിയില്‍ നേരത്തേ ഹാജരാക്കിയിരുന്നു.
മാര്‍ച്ച് 16നും 22നും തന്നെ ഹോട്ടലില്‍ വെച്ച് വിജയ് ബാബു പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. ഏപ്രില്‍ 14ന് നടി മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ലാറ്റിലെത്തിയിരുന്നുവെന്നും ഇവിടെവെച്ച് തന്റെ പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെട്ടെന്നും വിജയ് ബാബു പറയുന്നു.