vijay babu case
വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം: സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
പല സുപ്രധാന വിഷയങ്ങളും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറച്ചുവെച്ചു
കൊച്ചി | നടിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. വിദേശത്തായിരുന്ന വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി പരിഗണിക്കരുതായിരുന്നു. പല സുപ്രധാന വിഷയങ്ങളും മറച്ചുവെച്ചാണ് മുന്‍കൂര്‍ ജമ്യാപേക്ഷ നേരത്തെ നല്‍കിയിരുന്നതെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
ഇരയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തി. ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ഗുരുതര കുറ്റവുമാണ്. കേരളത്തില്‍ കേസ് എടുത്തപ്പോള്‍ തന്നെ പ്രതി വിദേശത്തേക്ക് കടന്നു. അറസ്റ്റ് ഒഴിവാക്കാന്‍ ഇന്ത്യയുമായി പ്രതികളെ കൈമാറാന്‍ കരാറില്ലാത്ത ജോര്‍ജിയയിലേക്ക കടക്കാന്‍ ശ്രമിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിജയ് ബാബു മൊബൈല്‍ ഹാജരാക്കിയപ്പോള്‍ വാട്ട്‌സാപ്പ് ചാറ്റുകളില്‍ പലതും ഡിലീറ്റ് ചെയ്താണ് നല്‍കയിതെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.
അതിനിടെ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്ന നടപടി മൂന്നാം ദിവസവും പോലീസ് തുടരുകയാണ്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.