Connect with us

cover story

വിജയഗോപുരം

ഒ വി വിജയൻ ഏകാകിയായ എഴുത്തുകാരനായിരുന്നു. ഒരു പ്രത്യയശാസ്ത്രവും അദ്ദേഹത്തെ ഭ്രമിപ്പിച്ചില്ല. മനുഷ്യന്റെ നിസ്വതയെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഒ വി വിജയന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അനർഘ നിമിഷങ്ങളെ ഒാർത്തെടുക്കുകയാണ് സാഹിത്യകാരൻ പി സുരേന്ദ്രൻ.

Published

|

Last Updated

മൂന്നര പതിറ്റാണ്ടിനു മുമ്പ് ഒ വി വിജയനൊപ്പം ഇരിക്കുന്ന ഒരു ഫോട്ടോഗ്രാഫ് സാഹിത്യ നിരൂപകനും പ്രഭാഷകനുമായ വിജു നായരങ്ങാടി എനിക്ക് അയച്ചുതന്നു. ഞാൻ മാത്രമല്ല വിജുവും കെ വി ശരത് ചന്ദ്രനുമൊക്കെ ആ ചിത്രത്തിലുണ്ട്. കൃത്യമായി പറഞ്ഞാൽ 1988 ജനുവരി 8, 9, 10 തീയതികളിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ വെച്ച് എടുത്ത ഫോട്ടോ ആണത്. ആ കാലത്ത് സ്‌റ്റേറ്റ് എന്നൊരു സാംസ്‌കാരിക സംഘടന യൂനിവേഴ്‌സിറ്റിയിൽ രൂപപ്പെട്ടു. വിജു നായരങ്ങാടി രണ്ടാം വർഷ എം എ മലയാളത്തിനു പഠിക്കുന്ന കാലമാണത്. വിജുവും ശരത് ചന്ദ്രനുമൊക്കെ അതിന്റെ പ്രവർത്തകരായിരുന്നു. അവർ ഒരു സാഹിത്യ ക്യാമ്പ് രൂപകൽപ്പന ചെയ്യുന്നു. എം എൻ കാരശ്ശേരിയായിരുന്നു ക്യാമ്പ് ഡയരക്ടർ. ഒ വി വിജയനെ ഉദ്ഘാടകനായി കൊണ്ടുവരുന്നത് എം ജി എസ് നാരായണനാണ്. പൊതു വേദിയിലെ സംഭാഷണം കഴിഞ്ഞ ശേഷം യൂനിവേഴ്‌സിറ്റിയിലെ ഒരു കെട്ടിടത്തിന്റെ പടവിലിരുന്ന് ഞങ്ങൾ അദ്ദേഹവുമായി കുറേ നേരം സംസാരിച്ചു. അന്ന് പകർത്തിയ ചിത്രങ്ങൾ ശരത്ചന്ദ്രൻ സൂക്ഷിച്ചു വെച്ചു.

ഒ വി വിജയനുമായുള്ള ആദ്യത്തെ സമാഗമം അതായിരുന്നു. 1988ലും പതിഞ്ഞ ശബ്ദമായിരുന്നു വിജയന്റെത്. കാലാന്തരത്തിൽ അത് കൂടുതൽ നേർത്തതായി മാറി എന്നു മാത്രം. ഒരിക്കലും പ്രഭാഷകനായിരുന്നില്ല വിജയൻ. എന്നാൽ അദ്ദേഹം ഹൃദ്യമായി സംസാരിച്ചുകൊണ്ടേയിരിക്കും. ആർ നരേന്ദ്രപ്രസാദുമായി ഒ വി വിജയൻ നടത്തിയ സുദീർഘമായ ഒരു പ്രഭാഷണം ഇപ്പോൾ നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രണ്ട് പ്രതിഭാശാലികൾ നടത്തുന്ന സംഭാഷണമാണത്. പിന്നീട് രണ്ടോ മൂന്നോ തവണ ഞാൻ അദ്ദേഹത്തെ കണ്ടു. ഒരിക്കൽ ഒ വി വിജയന്റെ സഹോദരി ശാന്ത ടീച്ചറുടെ വീട്ടിൽ വെച്ച്. ശാന്ത ടീച്ചർ തസ്രാക്കിൽ, മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപികയായിരിക്കവെ അനിയത്തിയെ കാണാനായി വിജയൻ തസ്രാക്കിൽ പോകുമായിരുന്നു.

ആ അനുഭവത്തിൽ നിന്നാണ് ഖസാക്കിന്റെ ഇതിഹാസം പിറക്കുന്നത്. പാലക്കാട് വെച്ച് ഡി സി കിഴക്കേമുറി താത്പര്യമെടുത്ത് ഒരു പൊതു വേദിയിൽ വിജയനെ കൊണ്ടുവന്നിരുന്നു. അന്നും ഞാൻ കാണാൻ പോയി. ലോഹിതദാസും സത്യൻ അന്തിക്കാടുമൊക്കെ അദ്ദേഹത്തെ കാണാൻ അവിടെ വന്നിരുന്നു. കോട്ടയത്ത് അനിയത്തി ഒ വി ഉഷയുടെ വീട്ടിൽ വെച്ചും ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. ഒ വി വിജയന്റെ മൃതശരീരം ദഹിപ്പിച്ചത് തിരുവില്വാമലയിലെ ഐവർമഠത്തിലാണ്. അവിടേക്കും ഞാൻ പോയി. ഒരിടത്ത് മാറിനിന്ന് ഞാൻ തേങ്ങിക്കരഞ്ഞു. ഒരെഴുത്തുകാരന്റെയും മരണം എന്നെ ഇത്രമേൽ ഉലച്ചിട്ടില്ല. അപ്പുക്കിളിയും ചാന്തുമുത്തുവും മുങ്ങാംകോഴി ചുക്രു രാവുത്തരും മൈമൂനയും ആബിദയുമൊക്കെ തേങ്ങിക്കരയുന്നതുപോലെ എനിക്ക് തോന്നി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നത്. അതു തൊട്ട് എത്രയോ വായനകൾ. നാൽപ്പതിലേറെ തവണ ഞാനാ കൃതി വായിച്ചു.

ഓരോ വായനയിലും വേറിട്ട അനുഭവങ്ങൾ. ഖസാക്കിന്റെ ഇതിഹാസത്തിൽ ചാന്തു മുത്തു എന്നൊരു കഥാപാത്രമുണ്ട്. ആ കുഞ്ഞിനെ കുറിച്ച് ആലോചിക്കുമ്പോഴൊക്കെ എനിക്ക് കരച്ചിൽ വരും. ഈ കഥാപാത്രത്തിന് ഒരു കഥാസമാഹാരം സമർപ്പിച്ചിട്ടുണ്ട് മാനസി എന്ന എഴുത്തുകാരി. മലയാളത്തിൽ പിറന്നതിന്റെ മഹാഭാഗ്യമായി ഞാൻ കരുതുന്ന ഒരു കാര്യം ഖസാക്കിന്റെ ഇതിഹാസം അതെഴുതിയ ഭാഷയിൽ വായിക്കാൻ സാധിച്ചതാണ്.
സൂഫിസത്തിന്റെ വെളിച്ചം ഇഴചേർന്നു കിടക്കുന്ന നോവലാണ് ഖസാക്കിന്റെ ഇതിഹാസം. റാവുത്തർമാരുടെ സാമൂഹിക ജീവിതം മുൻനിർത്തി അസാധാരണ മിത്തുകൾ ഈ നോവലിൽ ആവിഷ്‌കരിച്ചു. പ്രവാചകനായ മുഹമ്മദ് നബിയോട് ഈ ആദരവ് അദ്ദേഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. ആകുലനായിരുന്നു അദ്ദേഹം. ആകുലത തന്നെയാണ് ധർമപുരാണമായി മാറിയത്. അടിയന്തരാവസ്ഥയോടുള്ള കലഹമാണ് ആ കൃതി സാധ്യമാക്കിയത്. എന്നാൽ വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഫാസിസത്തെ ദീർഘദർശനം ചെയ്ത കൃതിയായി അത് മാറി. എഴുതിയ കാലത്തേക്കാൾ അത് പ്രസക്തമായി.

അസാധാരണമായ ചിരി തന്റെ കാർട്ടൂണുകളിലൂടെയും സാഹിത്യകൃതികളിലൂടെയും വിജയൻ ആവിഷ്‌കരിച്ചെങ്കിലും ദുഃഖമായിരുന്നു വിജയന്റെ ഭാവം. ആദിമമായ ഒരു ദുഃഖം വിജയന്റെ എല്ലാ കൃതികളിലും ഉണ്ട്. ഇത് ബുദ്ധത്വമാണ്. മനുഷ്യന്റെ സ്ഥായീഭാവം ദുഃഖം ആണെന്ന് ബുദ്ധൻ വിശ്വസിച്ചു. ദുഃഖത്തിന്റെ കാരണം തേടി ബുദ്ധൻ അലഞ്ഞു. മനുഷ്യന്റെ ആർത്തിയൊടുങ്ങാതെ ദുഃഖം ശമിക്കില്ല എന്നും. ഇതേ ഭാവം പല രീതിയിൽ വിജയനും ആവിഷ്‌കരിച്ചു.

വിജയന്റെ ഭാവനക്ക് അസാധാരണ വ്യാപ്തിയായിരുന്നു. വിജയനോളം ദാർശനിക മാനമുള്ള എഴുത്തുകാർ ഇന്ത്യയിൽ തന്നെ അപൂർവമായിരുന്നു. ഭൂമിക്കപ്പുറമുള്ള ലോകം വിജയൻ ഭാവന ചെയ്തു. ശരിക്കും കോസ്മിക് ഭാവനകളിലേക്ക് ചിറകു വിടർത്തിയതുകൊണ്ടാണ് മധുരം ഗായതി പിറന്നത്. കാരുണ്യം നിറഞ്ഞുനിന്ന എഴുത്തായിരുന്നു വിജയന്റെത്. സമഗ്രാധികാരത്തോട് ആഴത്തിൽ കലഹിച്ചതാണ് ഈ കാരുണ്യത്തിന്റെ സാഫല്യം. സസ്യവും മനുഷ്യനും ഒരേ ജീവബിന്ദുവിന്റെ രണ്ട് അടരുകളാണെന്ന് വിശ്വസിച്ച പാരിസ്ഥിതിക ദർശനം അദ്ദേഹം ആവിഷ്‌കരിച്ചു. വിജയന്റെ കൃതികളിലെ മാന്ത്രികതയും മായികതയും നിറഞ്ഞ എഴുത്ത് മലയാളത്തിൽ അപൂർവമാണ്.

വിജയൻ ഏകാകിയായ എഴുത്തുകാരൻ തന്നെയായിരുന്നു. ഒരു പ്രത്യയശാസ്ത്രവും അദ്ദേഹത്തെ ഭ്രമിപ്പിച്ചില്ല. മനുഷ്യന്റെ നിസ്വതയെ അദ്ദേഹം തിരിച്ചറിഞ്ഞു. മലയാളത്തിന്റെ വിജയഗോപുരത്തിനു പ്രണാമം.

Latest