Kerala
അബോധാവസ്ഥയില്‍ വിജയലക്ഷ്മിയെ കയര്‍കെട്ടി കുഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ ഉണര്‍ന്നു; തുടര്‍ന്ന് അരുംകൊല നടത്തി
വാക്ക് തര്‍ക്കത്തിനിടെ ജയചന്ദ്രന് പിടിച്ച് തള്ളിയ വിജയലക്ഷ്മി കട്ടിലില്‍ തലയിടിച്ച് വീണ് അബോധാവസ്ഥയിലായി
ആലപ്പുഴ | അമ്പലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വിജയലക്ഷ്മിയെ പ്രതി കൊലപ്പെടുത്തിയത് അത്യന്തം ക്രൂരമായി.
വാക്ക് തര്‍ക്കത്തിനിടെ ജയചന്ദ്രന് പിടിച്ച് തള്ളിയ വിജയലക്ഷ്മി കട്ടിലില്‍ തലയിടിച്ച് വീണു. അബോധാവസ്ഥയിലായ വിജയലക്ഷ്മി മരിച്ചുവെന്ന ധാരണയിലാണ് കുഴിച്ചുമൂടാന്‍ പ്രതി ജയചന്ദ്രന് ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വിജയലക്ഷ്മിയെ കയര്‍കെട്ടി കുഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ യുവതി ഉണര്‍ന്നതോടെയാണ് അരുംകൊല നടത്തിയത്. വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയുടെ വലതുഭാഗത്തും പിന്നിലുമായി ആഞ്ഞുവെട്ടിയെന്നാണ് പോലീസ് പറയുന്നത്.
മരണകാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവുകളെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിജയലക്ഷ്മിയുടെ തലയ്ക്ക് പിന്നില്‍ വെട്ടുകത്തികൊണ്ട് വെട്ടേറ്റ പത്തിലേറെ മുറിവുകളുണ്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിട്ടുണ്ട്. വെട്ടുകത്തി തിരിച്ച് പിടിച്ച് തലക്കടിച്ചും മാരകമായി പരിക്കേല്‍പ്പിച്ചു. ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തലക്കേറ്റ മാരകമായ മുറിവാണ് മരണ കാരണം. വിജയലക്ഷ്മിയുടെ മരണം ഉറപ്പിച്ച ശേഷമാണ് സ്വര്‍ണാഭരങ്ങളും വസ്ത്രവും അഴിച്ചുമാറ്റിയ ശേഷം മൃതദേഹം കുഴിയിലിട്ട് മൂടിയത്. നായകള്‍ കുഴിയില്‍ നിന്ന് മൃതദേഹം പുറത്തെടുക്കുമെന്ന സംശയത്തിലാണ് പിന്നീട് കോണ്‍ക്രീറ്റ് മിശ്രിതവും കല്ലുമെല്ലാം കുഴിയില്‍ നിരത്തിയത്.
നിലവില്‍ കരുനാഗപ്പള്ളി പോലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്. കൊലപാതകം നടന്നനത് അമ്പലപ്പുഴയിലായതിനാല് കേസ് വൈകാതെ മറ്റു നടപടികള്‍ക്കായി അമ്പലപ്പുഴ പോലീസിന് കൈമാറും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന വിജയലക്ഷ്മിയുടെ മൃതദേഹം ഒറീസയിലുള്ള സഹോദരനെത്തിയ ശേഷം സംസ്കരിക്കും.
അഴീക്കല്‍ ഹാര്‍ബറില്‍ ജോലി ചെയ്യുന്നതിനിടെയാണ് വിജയലക്ഷിയും ജയചന്ദ്രനും പരിചയപ്പെടുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തി കുലശേഖരപുരത്ത് തനിച്ച് വാടകക്ക് താമസിക്കുകയായിരുന്നു വിജയ ലക്ഷ്മി. യുവതിയുമായി കഴിഞ്ഞ രണ്ടര വര്‍ഷമായി ജയചന്ദ്രന് അടുപ്പമുണ്ട്. വിജയലക്ഷ്മി താമസിക്കുന്ന വീട്ടിന് സമീപത്തുള്ളവരാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജയചന്ദ്രന് പിടിയിലാകുന്നതും വിജയലക്ഷ്മിയുടെ തീരോധാനത്തിന്റെ ചുരുളഴിയുന്നതും.