articles
വിജയത്തേരിലേറി സുന്നി കേരളം
രാഷ്ട്രീയ കേരളത്തില്‍ സുന്നികള്‍ക്ക് ഇടമൊരുക്കിയതാരാണ്? തീവ്രവാദത്തില്‍ വീണ് പോകുമായിരുന്ന മുസ്‌ലിം യൗവനത്തെ രക്ഷിച്ചെടുത്തതാരാണ്? മതയുക്തിവാദികളെ സമുദായ രാഷ്ട്രീയത്തിന്റെ സുരക്ഷാ കവചത്തില്‍ നിന്ന് വലിച്ചിറക്കിക്കൊണ്ട് വന്ന് എട്ട് നിലയില്‍ പൊട്ടിച്ച് കൊടുത്തതാരാണ്? ഒരുത്തരമേ ഉള്ളൂ. കാന്തപുരത്തിന്റെ പ്രസ്ഥാനം. താജുല്‍ ഉലമയുടെ നേതൃപാടവം. അത് ആഘോഷമാക്കാനാണ് സുന്നികള്‍ ഇരുപതാം തീയതി മലപ്പുറത്തേക്കൊഴുകി എത്തുക.
മതപരിഷ്‌കരണവാദികള്‍ക്ക് ഒട്ടും സ്വാധീനമില്ലാത്ത മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം. രണ്ട് മഹല്ലുകളുടെ അതിര്‍ത്തി പ്രദേശത്ത് അവര്‍ പള്ളി സ്ഥാപിക്കുന്നു. തൊട്ടടുത്ത നിസ്‌കാര പള്ളിയില്‍ ജുമുഅ ആരംഭിച്ചില്ലെങ്കില്‍ നാട്ടില്‍ ബിദഇകള്‍ പടര്‍ന്നു കയറും. എസ് എസ് എഫ് പ്രവര്‍ത്തകര്‍ പള്ളി ഭാരവാഹികള്‍ക്ക് കത്ത് നല്‍കി. സര്‍വ സഹകരണവും വാഗ്ദാനം ചെയ്തു. അവര്‍ യോഗം ചേര്‍ന്നു. തീരുമാനം വന്നു. “പുതിയ പള്ളിയില്‍ നടക്കുന്നത് നാടകമല്ല. അവിടെ പോകുന്നവര്‍ പോകട്ടെ. ഇവിടെ ജുമുഅ തുടങ്ങില്ല.’ മത താത്പര്യവും സമുദായ രാഷ്ട്രീയവും വിപരീത ദിശയില്‍ വരുമ്പോള്‍ രാഷ്ട്രീയത്തിന് വേണ്ടി മതാദര്‍ശങ്ങളെ ബലികൊടുക്കുന്ന ഈ പരമ ദയനീയാവസ്ഥക്കെതിരെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ സുന്നികള്‍ ചെറുത്ത് നില്‍പ്പ് ആരംഭിച്ചത്. ആ ചെറുത്ത് നില്‍പ്പിന്റെ വിജയാഘോഷ വേളയിലാണ് ഇന്ന് സുന്നി കേരളം. ചെറുത്ത് നില്‍പ്പിന്റെയും പോരാട്ടത്തിന്റെയും അനേകം വിജയങ്ങളുടെ അഭിമാനകരമായ വിളംബരമാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ഇരുപതിന് മലപ്പുറത്ത് നടക്കുന്ന ആദര്‍ശ സമ്മേളനം.
ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട് ഈ സമ്മേളനത്തിന്. സമുദായ രാഷ്ട്രീയത്തിന്റെ തണലിലും നനവിലുമാണ് കേരളത്തില്‍ സലഫിസം ചുവടുറപ്പിക്കാന്‍ ശ്രമിച്ചത്. മൗദൂദിയുടെ രാഷ്ട്രീയ ഇസ്‌ലാമിനും പിടിച്ച് നില്‍ക്കാന്‍ കേരളത്തില്‍ അവസരമൊരുക്കിയത് സമുദായ രാഷ്ട്രീയമായിരുന്നു. സര്‍വ മതനശീകരണ മൂവ്‌മെന്റുകളും ലീഗിന്റെ തണല്‍ ഒളിത്താവളമാക്കി വളരാന്‍ ശ്രമിച്ചു. ഒരു വേള പ്രചണ്ഡമായ പ്രചാരണ കോലാഹലം കൊണ്ടും ലീഗ് പത്രത്തിന്റെ സര്‍വാത്മനായുള്ള പിന്തുണ കൊണ്ടും മതത്തിന്റെ പേരിലുള്ള ഈ നൂതനാശയങ്ങള്‍ സത്യത്തെ മറച്ചു കളയുന്ന സാഹചര്യം വരെ സംജാതമായി. ഈ ഘട്ടത്തിലും സമുദായത്തില്‍ ഒരു വിഭാഗം നിസ്സഹകരണ റോളില്‍ നിലയുറപ്പിച്ചത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. സുന്നിയിലും വലുതാണ് ലീഗ് രാഷ്ട്രീയം എന്ന് വന്നപ്പോള്‍ മതയുക്തിവാദികള്‍ക്ക് അവസരങ്ങള്‍ തുറന്നുകിട്ടി. ലീഗിന്റെ തോളില്‍ കയറി നിന്ന് പരിഷ്‌കരണവാദികള്‍ മതത്തിന്റെ ചെവി തിന്നുന്നു. അവര്‍ സമുദായത്തില്‍ നവോത്ഥാനം ചമയുന്നു. ലീഗ് പതിച്ചു കൊടുത്ത മുന്‍ഷിപ്പണിയും ഏതാനും അറബി കോളജുകളും കൊണ്ട് വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ അട്ടിപ്പേറവകാശം പെരുമ്പറ കൊട്ടി പ്രചരിപ്പിക്കുന്നു. സമുദായ പാര്‍ട്ടിയും പത്രവും കട്ടക്ക് കൂടെ നില്‍ക്കുന്നു. അതിസങ്കീര്‍ണവും നിര്‍ണായകവുമായ ഈ ഘട്ടത്തിലാണ് സുന്നി കേരളത്തിന്റെ പ്രതീക്ഷയും മാറ്റത്തിന്റെ മഹാ ആഹ്വാനവുമായി കാന്തപുരം ഉദയം ചെയ്യുന്നത്. പിന്നീട് താജുല്‍ ഉലമയും സുല്‍ത്വാനുല്‍ ഉലമയും ചേര്‍ന്ന് സുന്നി കേരളത്തെ പുനഃസ്ഥാപിച്ചു. 89ന്റെ മുമ്പും ശേഷവും എന്ന രൂപത്തില്‍ പുതിയ ചരിത്രങ്ങള്‍ പിറന്നു.
പുതിയ ഊര്‍ജവും ആവേശവുമായി സുന്നി കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. നട്ടെല്ല് വളക്കാതെ നിവര്‍ന്ന് നിന്ന് സുന്നി പറയാന്‍ കേരളത്തെ പ്രാപ്തമാക്കിയ ഈ നവജാഗരണത്തിന്റെ പേരാണ് നവോത്ഥാനം. അലകടലായി ആര്‍ത്തലച്ച് വന്ന് സര്‍വ പ്രതിരോധങ്ങളെയും തകര്‍ത്ത് മുന്നേറിയ ആ ഒഴുക്കോളങ്ങളുടെ പ്രകമ്പനത്തിനൊടുവില്‍, അമ്മിച്ചോട്ടില്‍ നിന്ന് വാല്‍ ഊരിയെടുത്ത് സുന്നി കേരളം അനേക കാതം ഓടിത്തീര്‍ത്തിരിക്കുന്നു. ആദര്‍ശത്തിന്റെ കാവലാളുകളായി ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു. മാറി നിന്നവര്‍ക്ക് വൈകിയാണെങ്കിലും ആര്‍ജവം കൈവന്നിരിക്കുന്നു. മലപ്പുറത്ത് നടക്കുന്ന സുന്നി സമ്മേളനം ആ സ്വാതന്ത്ര്യത്തിന്റെ കൂടി ആഘോഷമായിരിക്കും. സുന്നിയാണ് വലുത് എന്ന ആ തിരിച്ചറിവിന്റെ ആഘോഷം. ആ തിരിച്ചറിവ് സമുദായത്തിന് പകര്‍ന്ന് നല്‍കാന്‍ തളരാതെ പണിയെടുത്ത ഒരു പ്രസ്ഥാനം ലക്ഷ്യം കണ്ടതിന്റെ ആഹ്ലാദകരമായ ആഘോഷം. സഞ്ചാര പഥങ്ങളില്‍ അടര്‍ന്ന് വീണ പാറക്കൂട്ടങ്ങളെ തകര്‍ത്തും തള്ളിമാറ്റിയും മുന്നേറിയ സമസ്ത ഉലമാക്കളുടെ നവോത്ഥാന മുന്നേറ്റങ്ങളുടെ വിജയ പ്രഖ്യാപനം കൂടിയാണ് മലപ്പുറം സമ്മേളനം.
മതപരിഷ്‌കരണ വാദങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാത്തവര്‍ പരാജിതരായിരിക്കുമെന്ന മുന്നറിയിപ്പിന്റെ ഗൗരവം ഇന്ന് സുന്നി കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. ലോകത്ത് തകര്‍ന്നടിഞ്ഞ മുസ്‌ലിം രാഷ്ട്രങ്ങള്‍ മുന്നറിയിപ്പിന്റെ സാക്ഷ്യങ്ങളായി നമ്മുടെ മുമ്പിലുണ്ട്. അന്നത്തിനും ദാഹ ജലത്തിനുമായി അലയുന്ന ഉമ്മത്തിന്റെ ദയനീയ മുഖം നമ്മുടെ മുമ്പിലുണ്ട്. തീവ്രവാദം കൊണ്ട് മുദ്രകുത്തപ്പെട്ട ഒരു സമുദായവും മതവും നമ്മുടെ മുമ്പിലുണ്ട്. ഋജുവായ പ്രബോധന പരിശ്രമങ്ങളെ തീവ്രവാദത്തെ ചൂണ്ടി ചെറുക്കുന്നു ശത്രുക്കള്‍. മുസ്‌ലിം പേര് പോലും തീവ്രവാദത്തിന്റെ അടയാളമായി മാറുന്നു. എന്തും ഏതും ജിഹാദിന്റെ മുദ്രകുത്തി സമുദായത്തിന് നേരേ എറിയുന്നു, ശത്രുക്കളും ഫാസിസവും. ആരാണ് അവസരങ്ങള്‍ ഉണ്ടാക്കിയത്? കേരളത്തിലും ലോകത്തും? ഒറ്റ ഉത്തരമേ ഉള്ളൂ. രാഷ്ട്രീയ ഇസ്‌ലാമിന് വേണ്ടി കൊടിയും തീവ്രവാദത്തിന് വേണ്ടി വാളുമേന്തി ആഗോളതലത്തില്‍ പകര്‍ന്നാടിയ മത ബിദഇകള്‍. ഇവര്‍ക്കെതിരെ സമുദായം നിലപാടെടുക്കണമെന്നേ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ സുന്നി പ്രസ്ഥാനം പറഞ്ഞുള്ളൂ. പക്ഷേ, നമുക്ക് മേല്‍ മുദ്രകള്‍ വന്ന് വീണു. സമുദായ ശത്രുക്കള്‍, അരിവാള്‍ സുന്നികള്‍, താമര സുന്നികള്‍, അരീക്കാട്ട് ലക്ഷങ്ങള്‍ അമുക്കിയവര്‍, മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാകും മൃഗം അധഃപതിച്ചാല്‍ ശംസുല്‍ ഉലമയാകും…. ഓര്‍ത്ത് നോക്കണം. ലീഗ് രാഷ്ട്രീയത്തിന്റെ ചെലവില്‍ വഹാബികള്‍ക്ക് മാത്രം ഉയര്‍ത്താന്‍ കഴിയുന്ന വിമര്‍ശനങ്ങള്‍. പക്ഷേ സുന്നത്ത് ജമാഅത്തിന്റെ ചുണക്കുട്ടികളേ, നാം തളര്‍ന്നില്ല. “ഞാന്‍ ഒറ്റക്കാണെങ്കിലും പോരാടുമെന്ന’ ഉള്ളാളം തങ്ങളുടെ ധര്‍മപുരി പ്രഖ്യാപനം ദിഗന്തങ്ങളില്‍ മാറ്റൊലി കൊണ്ടു. നാം തക്ബീര്‍ മുഴക്കി. “പോയി പണിയെടുക്കെടാ…’ ഗോള്‍ഡന്‍ ജൂബിലിയില്‍ കടപ്പുറത്ത് മുഴങ്ങിയ താജുല്‍ ഉലമയുടെ ആജ്ഞാസ്്വരത്തിന്റെ മാസ്മരികതയില്‍ നാം ഗ്രാമങ്ങളില്‍ പണിയെടുത്തു. സമുദായ രാഷ്ട്രീയത്തിന്റെ മറവില്‍ കെട്ടി ഇറക്കിയ വഹാബി മാറാപ്പ് വാരിയെടുത്ത് കടലില്‍ തള്ളി. അങ്ങനെയാണ് സുന്നി അവഗണിക്കാനാകാത്ത ശക്തിയായി ഉയര്‍ന്നു വന്നത്. കേരള രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും സുന്നികള്‍ ഒരു ഘടകമായി ഉയരുന്നത്. ആ ഉയിര്‍പ്പിന്റെ ആഘോഷം കൂടിയാണ് ഇരുപതിന് മലപ്പുറത്ത് നടക്കുക.
മുസ്‌ലിം കേരളത്തിന്റെ ചരിത്രം കൂടി പറഞ്ഞ് പോകണം. സ്വാതന്ത്ര്യത്തിന് മുമ്പ് ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് നിന്നവരാണ് ഈ സമുദായം. ഒന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല. എണ്ണപ്പണത്തിന്റെ പളപളപ്പില്ലെങ്കിലും അവര്‍ സംതൃപ്തിയോടെ ജീവിക്കുകയായിരുന്നു. മത നേതൃത്വം ജാഗ്രത്തായിരുന്നു. ആവശ്യമായ അറിവും വിജ്ഞാനവും നേതൃ സ്പര്‍ശവും അവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നു. പള്ളിയും പള്ളിക്കൂടങ്ങളും ദര്‍സുകളും മതവിജ്ഞാന വേദികളും വൈജ്ഞാനിക സാഹിത്യങ്ങളും നാട്ടിലെമ്പാടും നിറഞ്ഞ് നിന്നിരുന്നു. എല്ലാം തട്ടിത്തെറിപ്പിച്ചാണ് 1921ന്റെ അരങ്ങേറ്റം. സ്വാതന്ത്ര്യ സമരങ്ങള്‍, പോരാട്ടങ്ങള്‍, സാമ്രാജ്യത്വ ഭരണകൂടത്തിന്റെ കിരാത മര്‍ദനങ്ങള്‍, വംശഹത്യക്ക് സമാനമായ ക്രൂരതകള്‍, സമുദായം പൊരുതി നിന്നു. ഒടുവില്‍ ഇന്ത്യ സ്വതന്ത്രമായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വയം ബലിയര്‍പ്പിച്ചവര്‍ പക്ഷേ, അനാഥരായി. അവര്‍ സമരത്തിലായിരുന്നു. ചരിത്രപരമായ കാരണത്താല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ സര്‍വ മേഖലകളിലും പിന്തള്ളപ്പെട്ട് പോയി. അപ്പോഴും രണ്ട് തരം ചൂഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഒന്ന്, തങ്ങള്‍ക്ക് ഈജിപ്തില്‍ നിന്ന് അയച്ച് കിട്ടിയ മത യുക്തിവാദത്തിലേക്കും രാഷ്ട്രീയ ഇസ്‌ലാമിലേക്കും പട്ടിണിയിലും പിന്നാക്കാവസ്ഥയിലും ഉമ്മത്തിനെ ചേര്‍ക്കാനുള്ള കെ എം, വക്കം മൗലവിമാരുടെ വ്യഗ്രത. യുദ്ധക്കെടുതിയില്‍ വീണ് പോയ സമുദായത്തെ പലിശക്കെണി കാട്ടി ആകര്‍ഷിക്കാനുള്ള ജൂത തന്ത്രം. രണ്ട്, പിന്നാക്കാവസ്ഥയില്‍ പെട്ട് പോയ സമുദായത്തെ അപ്പക്കഷ്ണങ്ങള്‍ എറിഞ്ഞ് കൊടുത്ത് ആകര്‍ഷിക്കാനുള്ള രാഷ്ട്രീയക്കാരുടെ തന്ത്രം. ഇതിനിടയില്‍ സമുദായ “ഉത്ഥാനം’ ലക്ഷ്യമാക്കി മതം മറന്നവരുടെ വിദ്യാഭ്യാസ കച്ചവടങ്ങള്‍. മതമറിയാത്ത അഭ്യസ്ഥവിദ്യര്‍. സങ്കീര്‍ണതകള്‍ മാത്രം മുന്നില്‍. ആദര്‍ശം കൊള്ളയടിക്കപ്പെടുന്നു. സമുദായത്തിന്റെ ആത്മാഭിമാനത്തിന് ക്ഷതമേറ്റ കാലം. ഈ ഘട്ടത്തിലാണ് ഉമ്മത്തിന് ദിശ നിര്‍ണയിക്കാന്‍ സമസ്ത രംഗത്ത് വരുന്നത്. ആ ലക്ഷ്യബോധമാണ് ഇടക്കാലത്ത് നമുക്ക് നഷ്ടമായത്. ആ നഷ്ടസ്വപ്‌നങ്ങളാണ് കാന്തപുരം മുന്നില്‍ നിന്ന് പൊരുതി നേടിയത്. ആ പോരാട്ടത്തിന്റെ വിജയമാണ് ഇന്ന് സുന്നി കേരളം കണ്ണ് നിറഞ്ഞ് ആഘോഷിക്കുന്നത്. അമ്മിച്ചോട്ടില്‍ നിന്ന് വാല് മോചിതമായ ആശ്വാസത്തിന്റെ ആഘോഷം.
ആദര്‍ശ ദാര്‍ഢ്യവും വിദ്യാഭ്യാസവും രാഷ്ട്രീയ കാഴ്ചപ്പാടുകളും പൊരുതാനുള്ള ഇഛാശക്തിയും നിവര്‍ന്ന് നില്‍ക്കാനുള്ള നടുവെല്ലും പിടിപ്പിച്ചു കൊടുത്തു ഉമ്മത്തിന് കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും. ഈ വഴിയില്‍ സമുദായം മുന്നോട്ട് സഞ്ചരിച്ചു. ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവര്‍ ദീനും ദുന്‍യാവും പഠിക്കുന്നു. ഇന്ത്യയിലേക്ക് പടരുന്നു. നോളജ് സിറ്റികള്‍ സ്ഥാപിക്കുന്നു. ലോകത്തേക്ക് വളരുന്നു. ഇസ്‌ലാമിക ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. പ്രബോധന ലോകത്ത് അമരങ്ങളില്‍ വിരാജിക്കുന്നു. അന്നത്തെ അരിവാള്‍ സുന്നികള്‍ ഇന്ന് സുന്നി കേരളത്തെ പുനഃസൃഷ്ടിച്ചിരിക്കുന്നു. മലപ്പുറത്തേത് ആഘോഷമല്ല, അനേകം ആഘോഷങ്ങളുടെ വിളംബരമാണ് ഈ സമ്മേളനം.
സമുദായ രാഷ്ട്രീയത്തെ വഴിക്ക് കൊണ്ട് വന്നതാരാണ്? രാഷ്ട്രീയ കേരളത്തില്‍ സുന്നികള്‍ക്ക് ഇടമൊരുക്കിയതാരാണ്? തീവ്രവാദത്തില്‍ വീണ് പോകുമായിരുന്ന മുസ്‌ലിം യൗവനത്തെ സര്‍വ പ്രതിരോധങ്ങളും തകര്‍ത്ത് രക്ഷിച്ചെടുത്തതാരാണ്? ഇസ്‌ലാമികാദര്‍ശങ്ങളിലേക്ക് കടന്ന് കയറി സമുദായത്തില്‍ വിശ്വാസ പ്രതിസന്ധിയുണ്ടാക്കാന്‍ ശ്രമിച്ച മതയുക്തിവാദികളെ സമുദായ രാഷ്ട്രീയത്തിന്റെ സുരക്ഷാ കവചത്തില്‍ നിന്ന് വലിച്ചിറക്കിക്കൊണ്ട് വന്ന് എട്ട് നിലയില്‍ പൊട്ടിച്ച് കൊടുത്തതാരാണ്? നൂറാണ്ടാഘോഷ വേളയിലും മതയുക്തിവാദത്തെ ഒരു പന്തലില്‍ ഒതുക്കി കെട്ടിയതാരാണ്? ഒരുത്തരമേ ഉള്ളൂ. കാന്തപുരത്തിന്റെ പ്രസ്ഥാനം. താജുല്‍ ഉലമയുടെ നേതൃപാടവം. വിശ്രുതമായ ആ നേതൃപാടവത്തെ ആഘോഷമാക്കാനാണ് സുന്നികള്‍ ഇരുപതാം തീയതി മലപ്പുറത്തേക്കൊഴുകി എത്തുക.
സലഫി തീവ്രവാദം ഫാസിസത്തെ ചേര്‍ത്ത് നിര്‍ത്തി സമുദായത്തെ ഒറ്റുകൊടുക്കുന്നത് കണ്ട് മുസ്‌ലിം കേരളം നെടുവീര്‍പ്പിട്ടത് ഈയിടെയാണ്. ഒറ്റുകാര്‍ക്കെതിരെ മതേതര കേരളം ഒന്നിച്ചു വിരല്‍ ചൂണ്ടി. കൊട്ടപ്പുറത്തിന് ശേഷം സ്വന്തം വേദിയില്‍ വഹാബികള്‍ ഇത്രക്ക് വിറച്ചു പോകുന്നത് ഇതാദ്യമായിരിക്കും. മതയുക്തിവാദം സ്വന്തം സ്റ്റേജില്‍ വെച്ച് അനുയായികളെ നോക്കി ഇങ്ങനെ കൊലച്ചിരി ഉയര്‍ത്തുന്നതും ഇതാദ്യമായിരിക്കും. പരിക്ഷീണാവസ്ഥയിലും ഈച്ച മുജാഹിദിന്റെ ഗംഭീരമായ അരങ്ങേറ്റം കൊണ്ട് ഏറെ കാലത്തിന് ശേഷം വഹാബിസം പ്രത്യുത്പാദന ശേഷി തെളിയിക്കുന്നതും ഇതാദ്യമായിരിക്കും. കണ്ട് നിന്നവരും കേട്ടറിഞ്ഞവരും ഒരുമിച്ച് ആര്‍ക്കും ഒരിക്കലും ഒരു സമ്മേളനവും ഇങ്ങനെ കൈവിട്ട് പോകരുതേ എന്ന് പ്രാര്‍ഥിച്ചു പോയതും ഇതാദ്യമായിരിക്കും. ആഘോഷിക്കാതിരിക്കുന്നതെങ്ങനെ?
പക്ഷേ, അപ്പോഴും സുന്നികള്‍ക്ക് പണി കുറയുന്നില്ല. പരിഷ്‌കരണവാദം കേരളത്തിന് സംഭാവന ചെയ്ത മത യുക്തിവാദം, മതനിരാസം, തീവ്രവാദം, തൗഹീദി വിരുദ്ധ ആശയങ്ങള്‍, സാമുദായിക ശൈഥില്യം, പൊളിഞ്ഞ തൗഹീദുകള്‍, പിഴച്ച വാദങ്ങള്‍, ആത്മീയതയുടെ ദുര്‍വ്യാഖ്യാനങ്ങള്‍, വൈരുധ്യങ്ങളുടെ പൊറാട്ട് നാടകങ്ങള്‍, പിളര്‍പ്പിന്റെ ആറാട്ടാഘോഷങ്ങള്‍… എല്ലാം നിരന്തരം തുറന്ന് കാട്ടപ്പെടണം. ഇസ്‌ലാം പൂര്‍ണാര്‍ഥത്തില്‍ സമര്‍പ്പിക്കപ്പെടണം.
മലപ്പുറം സമ്മേളനത്തിന്റെ ലക്ഷ്യവും ദൗത്യവും ഇത് മാത്രമായിരിക്കില്ല. അത് സുന്നി കേരളത്തിന്റെ നവ മുന്നേറ്റങ്ങളുടെ ഉജ്വലമായ പ്രഖ്യാപനം കൂടിയായിരിക്കും. മുസ്‌ലിം കേരളത്തിന്റെ സര്‍വ ശത്രുക്കളെയും ഒറ്റുകാരെയും തൂത്തെറിയുന്ന മഹാ മുന്നേറ്റത്തിന്റെ മഹത്തായ ആരംഭം. ഉജ്വലമായ പ്രഖ്യാപനം.