Kerala
വില്ലന്‍ പ്രശാന്ത്, പിന്നില്‍ ചെന്നിത്തല; എഫ് ബി കുറിപ്പിലുറച്ച് മേഴ്‌സിക്കുട്ടിയമ്മ
ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രശാന്ത് അധികാര പരിധി വിട്ട് കരാറില്‍ ഒപ്പിട്ടു. പ്രശാന്തിനെ കൂട്ടുപിടിച്ച് ചെന്നിത്തലയും യു ഡി എഫും നടത്തിയ നീക്കമായിരുന്നു ഇതിനു പിന്നില്‍.
തിരുവനന്തപുരം | എന്‍ പ്രശാന്ത് ഐ എ എസിനെതിരായ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ഉറച്ച് മുന്‍ ഫിഷറീസ് മന്ത്രിയും സി പി എം സംസ്ഥാന കമ്മിറ്റിയംഗവുമായ ജെ മേഴ്‌സിക്കുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ വില്ലന്‍ പ്രശാന്ത് ഐ എ എസ് ആണെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
രമേശ് ചെന്നിത്തലയാണ് പ്രശാന്തിന് പിന്നില്‍. ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രശാന്ത് അധികാര പരിധി വിട്ട് കരാറില്‍ ഒപ്പിടുകയായിരുന്നു.
കൊച്ചിയില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ ഇ എം സി സിയുമായി കരാര്‍ ഒപ്പിട്ടതില്‍ ഗൂഢാലോചനയുണ്ട്. തന്നെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. പ്രശാന്തിനെ കൂട്ടുപിടിച്ച് രമേശ് ചെന്നിത്തലയും യു ഡി എഫും നടത്തിയ നീക്കമായിരുന്നു ഇതിനു പിന്നിലെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു.
മേഴ്‌സിക്കുട്ടിയമ്മ ആരാണ്?; ചോദ്യവുമായി പ്രശാന്ത്
അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ വീണ്ടും എഫ് ബി കുറിപ്പുമായി എന്‍ പ്രശാന്ത് ഐ എ എസ്. ജയതിലകിനെതിരായ സി ബി ഐ അന്വേഷണ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് പ്രശാന്തിന്റെ കുറിപ്പ്. നിരവധി പേരുടെ ജീവിതം തകര്‍ത്തയാളാണ് ജയതിലക്. കല്‍പ്പിക്കുന്ന രീതിയില്‍ നോട്ടെഴുതാന്‍ വിസമ്മതിച്ചവരുടെ കരിയര്‍ ജയതിലക് തകര്‍ത്തു. മേഴ്‌സിക്കുട്ടിയമ്മയുടെ ആരോപണത്തിന് മറുപടിയുണ്ടോ എന്ന കമന്റിന് അത് ആരാണ് എന്നായിരുന്നു പ്രശാന്തിന്റെ തിരിച്ചുള്ള ചോദ്യം.