Kerala
വിന്‍സെന്റും എല്‍ദോസും രാജിവെച്ചില്ലല്ലോ; മുകേഷിന്റെ രാജി ആവശ്യം തള്ളി ഇ പി ജയരാജന്‍
സമാന കേസുകളില്‍ പ്രതികളായവര്‍ രാജിവെച്ചാല്‍ മുകേഷും പദവിയൊഴിയുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.
തിരുവനന്തപുരം | പീഡനക്കേസുകളില്‍ പ്രതികളായ കോണ്‍ഗ്രസുകാര്‍ എംഎല്‍എമാര്‍ രാജിവെച്ചിട്ടില്ലെന്നും സമാന കേസുകളില്‍ പ്രതികളായവര്‍ രാജിവെച്ചാല്‍ മുകേഷും പദവിയൊഴിയുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബലാത്സംഗ കേസില്‍ പ്രതികളായ എം വിന്‍സെന്റും എല്‍ദോസ് കുന്നപ്പിള്ളിയും രാജിവെച്ചാല്‍ സ്വാഭാവികമായി മൂന്നാമനായ മുകേഷും പദവിയൊഴിയുമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.സിപിഐ അടക്കമുള്ള സംഘടനകള്‍ മുകേഷിന്റെ രാജിക്കായി മുറവിളി കൂട്ടവെയാണ് ഇ പിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
സമാനമായ പരാതിയില്‍ നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലലോയെന്ന് ചോദിച്ചുകൊണ്ടാണ് മുകേഷിന്റെ രാജിയാവശ്യം ഇപി ജയരാജന്‍ തള്ളിയത്.മുകേഷിനെതിരെ കേസെടുത്തത് ധാര്‍മികമായ നിലപാടാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ സംരക്ഷണത്തിനു സ്വീകരിച്ചത് ചരിത്ര നടപടിയാണ്. മുഖം നോക്കാതെയാണ് ശക്തമായ നടപടിയെടുത്തത്. പോലീസ് നടപടിയും സ്വീകരിച്ചുവരുകയാണ്.പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും ചരിത്രപരമായ നടപടിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആരോടും മമത ഇല്ല. പ്രത്യേക സംരക്ഷണം നല്‍കില്ലെന്നും ഇ പി പറഞ്ഞു