National
വിനീത് ഗോയലിനെ നീക്കി; മനോജ് കുമാർ വർമ്മ കാെൽക്കത്ത പോലീസ് കമ്മീഷണർ
സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുമായി ആറ് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിനീത് ഗോയലിനെ നീക്കുന്നതായി പ്രഖ്യാപിച്ചത്.
കൊൽക്കത്ത | ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധ രംഗത്തിറങ്ങിയ ഡോക്ടർമാരുടെ ആവശ്യം അംഗീകരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയലിനെ തത്സ്ഥാനത്ത് നിന്ന് നീക്കി. പകരം പിഎസ് ഓഫീസർ മനോജ് കുമാർ വർമ്മയെ കമ്മീഷണറായി നിയമിച്ചു. ഗോയലിനെ പശ്ചിമ ബംഗാൾ പോലീസിൻ്റെ പ്രത്യേക ദൗത്യസേനയുടെ (എസ്ടിഎഫ്) ഐജിപിയായി മാറ്റി നിയമിച്ചു.
സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുമായി ആറ് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിനീത് ഗോയലിനെ നീക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നാലെ തന്നെ പുതിയ ആളെ നിയമിക്കുകയും ചെയ്തു.
1998 ബാച്ച് ഐ പി എസ് ഓഫീസറാണ് വർമ. പശ്ചിമ ബംഗാൾ പോലീസിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജി) (ക്രമസമാധാനം) ആയി പ്രവർത്തിച്ചുവരികയായിരുന്നു. നേരത്തെ ബാരക്പൂർ പോലീസ് കമ്മീഷണറായും ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയിൽ അഡീഷണൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഗോയലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബർ 10 മുതൽ സംസ്ഥാന ആരോഗ്യ ആസ്ഥാനമായ സ്വാസ്ഥ്യഭവന് പുറത്ത് ഡോക്ടർമാർ പ്രതിഷേധ സമരത്തിലാണ്. ആഗസ്റ്റ് 9ന് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ട്രെയിനി ഡോക്ടറെ സെമിനാർ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.