Connect with us

National

വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോൺഗ്രസിൽ; ഹരിയാന തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

മുന്‍ ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണത്തില്‍ ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും പ്രതിഷേധ സമരങ്ങളില്‍ നേതൃനിരയില്‍ ഉണ്ടായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോണ്‍ഗ്രസില്‍. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുവരും മത്സരിക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമെടുത്ത  ചിത്രം കോണ്‍ഗ്രസാണ് പുറത്ത് വിട്ടത്.

അടുത്ത തിങ്കളാഴ്ച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍  അന്തിമ രൂപം നല്‍കാനായുള്ള  സംസ്ഥാന നേതൃത്വത്തിന്റെ യോഗം നടക്കാന്‍ ഇരിക്കെയാണ് രാഹുല്‍ഗാന്ധിയുമായുള്ള താരങ്ങളുടെ കൂടികാഴ്ച്ച.

പാരിസ് ഒളിമ്പിക്‌സിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ വിനേഷ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹ്യൂഡയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. 2023ല്‍ മുന്‍ ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണത്തില്‍ ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും പ്രതിഷേധ സമരങ്ങളില്‍ നേതൃനിരയില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച്ച വിനേഷ് ഫോഗട്ട് ശംഭു അതിര്‍ത്തിയിലുള്ള കര്‍ഷകരുടെ പ്രതിഷധപരിപാടിയില്‍ പങ്കെടുക്കുകയും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബര്‍ അഞ്ചിനും വോട്ടെണ്ണല്‍ ഒക്ടോബര്‍ എട്ടിനുമാണ്.

പാരിസ് ഒളിമ്പിക്‌സില്‍ 50 കിലോ ഗുസ്തി ഫ്രീസ്‌റ്റൈല്‍ വിഭാഗം ഫൈനലില്‍ മത്സരിക്കാനിരിക്കെയാണ് വിനീഷിനെ അയോഗ്യയാക്കിയത്. ഭാരപരിശോധനയില്‍ 100 ഗ്രാം അധിക ഭാരം കണ്ടെത്തിയതോടെയായിരുന്നു നടപടി.ഇന്ത്യക്കായി വെള്ളി ഉറപ്പാക്കി സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത തിരിച്ചടി താരം ഏറ്റുവാങ്ങിയത്.

Latest