Connect with us

International

ഒളിംപിക്സ് അയോഗ്യതക്ക് പിന്നാലെ ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

ഗുസ്തിയോട് വിടപറയുന്നുവെന്ന് എക്സ് പോസ്റ്റിൽ പ്രഖ്യാപനം

Published

|

Last Updated

പാരീസ് | ഒളിംപിക്സ് അയോഗ്യതയിൽ ഹൃദയം തകർന്ന ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഗുസ്തിയോട് വിടപറയുന്നുവെന്ന് എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം.

അമ്മേ, ഗുസ്തി ജയിച്ചു, ഞാൻ തോറ്റു, ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എൻ്റെ ധൈര്യം എല്ലാം തകർന്നു, ഇതിൽ കൂടുതൽ ശക്തി എനിക്കില്ല. 2001-2024 ഗുസ്‌തിയോട് വിട. നിങ്ങളോടെല്ലാം ഞാൻ എന്നും കടപ്പെട്ടിരിക്കും, ക്ഷമിക്കണം – എക്സ് പോസ്റ്റിൽ വിനേഷ് കുറിച്ചു.

ഭാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗം ഫൈനലിൽ നിന്ന് വിനേഷിനെ അയോഗ്യയാക്കിയിരുന്നു. ഇന്ത്യക്കായി വെള്ളി ഉറപ്പാക്കി സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറായി നിൽക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത തിരിച്ചടി.

അനുവദനീയമായതിലും 100ഗ്രാം ഭാരം കൂടിയതിന്‍റെ പേരിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടത്തില്‍ നിൽക്കെയായിരുന്നു നടപടി.

50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ നിലവിലെ ഒളിംപിക് ചാമ്പ്യനെയടക്കം വീഴ്ത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനലില്‍ പ്രവേശിച്ചത്.

നടപടിയില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ രംഗത്തെത്തി. തൻ്റെ അയോഗ്യതയെ ചോദ്യം ചെയ്ത് വിനേഷ് കോടതി ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിൽ അപ്പീൽ നൽകിയിട്ടുണ്ട്.

 

Latest