From the print
വിൻഗളൂരു!
പഞ്ചാബിനെതിരെ ബെംഗളൂരുവിന് ഏഴ് വിക്കറ്റ് ജയം

മുല്ലൻപൂർ | ചിന്നസ്വാമി സ്റ്റേഡിയത്തിൽ തങ്ങളെ തോൽപ്പിച്ച പഞ്ചാബ് കിംഗ്‌സിന് 48 മണിക്കൂറിനുള്ളിൽ പലിശ സഹിതം മറുപടി നൽകി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. സൂപ്പർ താരം വിരാട് കോലിയുടെയും ദേവ്്ദത്ത് പടിക്കലിന്റെയും അർധ സെഞ്ച്വറിക്കരുത്തിൽ ഏഴ് വിക്കറ്റിനാണ് ബെംഗളൂരു വിജയം കുറിച്ചത്. സ്‌കോർ: പഞ്ചാബ് 20 ഓവറിൽ ആറിന് 157. ബെംഗളൂരു 18.5 ഓവറിൽ മൂന്നിന് 159. 54 പന്തിൽ പുറത്താകാതെ 73 റൺസെടുത്ത വിരാട് കോലിയാണ് പ്ലെയർ ഓഫ് ദ മാച്ച്. ഒരു സിക്സും ഏഴ് ബൗണ്ടറിയുമടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. ദേവ്്ദത്ത് പടിക്കൽ 35 പന്തിൽ 61 റൺസെടുത്തു. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പഞ്ചാബ് അഞ്ച് വിക്കറ്റിന് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയിരുന്നു. തുടർച്ചയായ അഞ്ചാം എവേ ജയത്തോടെ പത്ത് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്താനും ആർ സി ബിക്കു കഴിഞ്ഞു. ഇത്രയും പോയിന്റുള്ള പഞ്ചാബ് നാലാം സ്ഥാനത്താണ്.
ചേസ് മാസ്റ്റർ
ഫിൽ സോൾട്ടിനെ (ഒന്ന്) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ കോലി- ദേവ്്ദത്ത് സഖ്യം പിടിമുറുക്കിയതോടെ പഞ്ചാബ് ബൗളർമാർ വലഞ്ഞു. ഇരുവരും ചേർന്ന് 69 പന്തിൽ 103 റൺസ് കൂട്ടിച്ചേർത്തു. പവർപ്ലേയിൽ 54 റൺസെടുത്ത ബെംഗളൂരു 11.4 ഓവറിൽ നൂറിലെത്തി. ഇതിനിടെ ദേവ്്ദത്ത് 50 പന്തിൽ നിന്നും കോലി 43 പന്തിൽ നിന്നും അർധ സെഞ്ച്വറി നേടി. ടീം സ്‌കോർ 109ൽ നിൽക്കെ ദേവ്്ദത്തിനെ ഹർപ്രീത് ബ്രാർ പുറത്താക്കി. നാല് സിക്‌സും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ദേവ്്ദത്തിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റൻ രജത്് പാട്ടീദാർ 12 റൺസിൽ മടങ്ങി. ജിതേഷ് ശർമ 11 റൺസുമായി കോലിക്കൊപ്പം പുറത്താകാതെ നിന്നു. ഐ പി എല്ലിൽ 67ാം തവണയാണ് കോലി 50 പ്ലസ് സ്‌കോർ നേടുന്നത്. പഞ്ചാബിനായി അർഷ്്ദീപ് സിംഗ്, ഹർപ്രീത് ബ്രാർ, യുസ്്വേന്ദ്ര ചാഹൽ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനായി പ്രിയൻഷ് ആര്യയും (15 പന്തിൽ 22) പ്രഭ്‌സിമ്രൻ സിംഗും (17 പന്തിൽ 33) മികച്ച തുടക്കം നൽകി. 4.2 ഓവറിൽ സ്‌കോർ 42ലെത്തി. സ്പിന്നർമാരെത്തിയതോടെ പഞ്ചാബ് ബാറ്റർമാർ വലഞ്ഞു. ഇരുവരെയും ക്രുനാൽ പാണ്ഡ്യ പുറത്താക്കി. ശ്രേയസ്സ് അയ്യറിന് (ആറ്) ഇത്തവണയും പിടിച്ചു നിൽക്കാനായില്ല. റൊമാരിയോ ഷെപ്പേർഡിന്റെ പന്തിൽ ക്രുനാലിന് ക്യാച്ച് നൽകിയായിരുന്നു ക്യാപ്റ്റന്റെ മടക്കം. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അയ്യർ പത്തിൽ താഴെ റൺസിന് പുറത്താകുന്നത്. ജോഷ് ഇംഗ്ലിസ് (17 പന്തിൽ 29), ശശാങ്ക് സിംഗ് (33 പന്തിൽ 31 നോട്ടൗട്ട്), മാർകോ യാൻസെൻ (20 പന്തിൽ 25 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗാണ് സ്‌കോർ 150 കടത്തിയത്.
ശശാങ്കിനും യാൻസനെയും ഡെത്ത് ഓവറുകളിൽ ജോസ് ഹെയ്‌സൽവുഡും ഭുവനേശ്വർ കുമാറും പിടിച്ചു കെട്ടി. ബെംഗളൂരുവിനായി ക്രുനാലും സായുഷ് ശർമയും രണ്ട് വിക്കറ്റ് വീതം നേടി.