Kerala
അച്ചടക്ക ലംഘനം: ഷൈൻ നിഗമിനും ശ്രീ നാഥ് ഭാസിക്കും സിനിമാ സംഘടനകളുടെ വിലക്ക്
നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുകയും കൃത്യമായി അണിയറ പ്രവർത്തകരുമായി സഹകരിക്കാതിരിക്കുകയും ചെയ്യുന്നുവെന്നതാണ് വിലക്കിന് കാരണം
കൊച്ചി | മലയാള സിനിമയിലെ പ്രമുഖ യുവ നടന്മാരായ ഷൈൻ നിഗമിനും ശ്രീ നാഥ് ഭാസിക്കും വിലക്കേർപ്പെടുത്തി സിനിമ സംഘടനകൾ. താരങ്ങൾ അഭിനയിക്കുന്ന സിനിമയുമായി ഇനി സഹകരിക്കില്ലെന്ന് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചു. നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുകയും കൃത്യമായി അണിയറ പ്രവർത്തകരുമായി സഹകരിക്കാതിരിക്കുകയും ചെയ്യുന്നുവെന്നതാണ് വിലക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കൊച്ചിയിൽ ചേർന്ന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംവിധായകൻ രഞ്ജിത്ത് ഉൾപ്പെടെയുള്ള സിനിമ സംഘടനാ പ്രതിനിധികൾ വിലക്ക് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെ സിനിമ താരങ്ങളുടെ സംഘടനായ അമ്മയും ഇതിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
സിനിമ മേഖലയിൽ ലഹരി ഉപയോഗിക്കുന്നവർ വർധിച്ചു വരികയാണെന്നും പ്രത്യേകിച്ചു യുവതാരങ്ങൾക്കിടയിൽ ഇത് അമിതമാണെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. കാരവനിൽ വെച്ച് താരങ്ങൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഇവരുടെ പേര് വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും എന്നാൽ പേര് സർക്കാരിന് കൈമാറുമെന്നും അവർ പറഞ്ഞു.