Connect with us

Kerala

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; ട്വന്റി ട്വന്റിയുടെ സ്ബ്‌സിഡി മെഡിക്കല്‍ സ്റ്റോര്‍ അടപ്പിച്ചു

ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം പിന്‍വലിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

Published

|

Last Updated

കൊച്ചി |  കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടച്ചപ്പിച്ചു. തിരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് ജില്ലാ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.ഈ മാസം 21ന് സാബു എം ജേക്കബാണ് കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്.ഇവിടെ മരുന്നുകള്‍ക്ക് 80 ശതമാനം വരെ വിലക്കുറവ് നല്‍കിയിരുന്നു.

പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷമാണ് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടാന്‍ ഉത്തരവിട്ടത്. കിഴക്കമ്പലം സ്വദേശികളായ രണ്ട് പേരാണ് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനത്തിനെതിരെ പരാതി നല്‍കിയത്. ട്വന്റി ട്വന്റിയുടെ ചിഹ്നം തന്നെയാണ് മെഡിക്കല്‍ സ്റ്റോറുള്‍പ്പെട്ട ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റേതെന്നും ബില്ലിലും ഇവയുണ്ടെന്നും കണ്ടെത്തി.

ട്വന്റി ട്വന്റി ചാരിറ്റബിള്‍ സൊസൈറ്റിക്ക് കീഴില്‍ കിറ്റക്സ് കമ്പനിയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റെയും മെഡിക്കല്‍ സ്റ്റോറിന്റെയും പ്രവര്‍ത്തനം എന്ന് കണ്ടെത്തി. എന്നാല്‍ എല്ലാത്തിന്റെയും നേതൃത്വം പാര്‍ട്ടിയുടെ നേതൃത്വം വഹിക്കുന്ന സാബു എം ജേക്കബ് തന്നെയാണെന്ന് കണ്ടെത്തിയ കലക്ടര്‍, ഇവയെല്ലാം തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും വിലയിരുത്തി. പിന്നാലെയാണ് മാര്‍ച്ച് 21 ന് ഉദ്ഘാടനം ചെയ്ത മെഡിക്കല്‍ സ്റ്റോര്‍ പൂട്ടാന്‍ ഉത്തരവിട്ടത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം പിന്‍വലിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

 

Latest