Connect with us

mathew kuzhalnadan

ഭൂപതിവ് ചട്ടങ്ങളുടെ ലംഘനം: മാതൃഭൂമി ചാനലിനെ ചർച്ചക്ക് വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ

എം എം മണിയും ചർച്ചയിലുണ്ടാകണമെന്നും മാത്യു കുഴൽനാടൻ വ്യവസ്ഥ വെച്ചു.

Published

|

Last Updated

തൊടുപുഴ | ഇടുക്കിയിൽ ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ച് റിസോർട്ട് നിർമിച്ചെന്ന സ്വകാര്യ ചാനലായ മാതൃഭൂമി ന്യൂസിൻ്റെ വാർത്തയിൽ പ്രതികരണവുമായി തൊടുപുഴ എം എൽ എ മാത്യു കുഴൽനാടൻ. ഇക്കാര്യത്തിൽ ചർച്ചക്ക് വേണ്ടി അദ്ദേഹം ചാനലിനെ വെല്ലുവിളിച്ചു. ഇടുക്കിയിൽ നിന്നുള്ള മുതിർന്ന സി പി എം നേതാവും മുൻ മന്ത്രിയുമായ എം എം മണിയും ചർച്ചയിലുണ്ടാകണമെന്നും മാത്യു കുഴൽനാടൻ വ്യവസ്ഥ വെച്ചു.

മാതൃഭൂമിയുടെ ചോദ്യങ്ങൾ എന്തൊക്കെയാണെന്ന് പരസ്യപ്പെടുത്തണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. അതിനുശേഷം ഈ ചോദ്യങ്ങൾ ചോദിക്കാൻ മാതൃഭൂമി ആരെ വേണമെങ്കിലും നിയോഗിക്കാം. വിഷയം ഭൂപതിവ് ചട്ടവും നിയമവും ഇടുക്കി ജില്ലയും ഒക്കെയായി ബന്ധപ്പെട്ടതായത് കൊണ്ട് ആ ജില്ലയിൽ നിന്നുള്ള ഒരു സി പി എം നേതാവോ എം എൽ എയോ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. കാരണം പറയുന്ന കാര്യങ്ങളിൽ സത്യസന്ധതയും യാഥാർഥ്യവും വ്യക്തതയും എന്താണ് എന്ന് ഒരുപക്ഷേ മാധ്യമപ്രവർത്തകരേക്കാൾ പറയാൻ കഴിയുന്നവരാണ് അവരിൽ പലരുമെന്നും മാത്യു കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

എനിക്കെതിരെ സിപിഎം ഉയർത്തിയ ആരോപണങ്ങൾക്ക് കഴിഞ്ഞ ദിവസം മറുപടി പറഞ്ഞിരുന്നു.
ഈ വിഷയത്തിൽ ആരോഗ്യപരമായ ഏത് സംവാദവും ചർച്ചയും ഇനിയും ആകാം.. 100% സുതാര്യത ഈ വിഷയത്തിൽ വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.. എന്നാൽ തൃപ്തി വരാത്ത പോലെ പല കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്, അത് അവഗണിക്കാവുന്നതാണ് എന്ന് പലരും പറഞ്ഞെങ്കിലും ഞാൻ ഏറെ ബഹുമാനിക്കുന്ന മാതൃഭൂമി എന്ന പത്ര മാധ്യമ സ്ഥാപനം ഏതാനും ചില പുതിയ ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്.
മാതൃഭൂമിക്ക് കേരളത്തിലെ പൊതു സമൂഹത്തിനു മുൻപിൽ ഉള്ള വിശ്വാസ്യതയെയും മതിപ്പിനെയും ഞാൻ ബഹുമാനിക്കുന്നു. ഈ സാഹചര്യത്തിൽ മാതൃഭൂമിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി മാതൃഭൂമി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. എന്നാൽ അതിനായി ചില വ്യവസ്ഥകൾ മുന്നോട്ടുവയ്ക്കട്ടെ..
എന്നോടുള്ള മാതൃഭൂമിയുടെ ചോദ്യങ്ങൾ എന്തൊക്കെയാണ് എന്ന് പരസ്യപ്പെടുത്തുക. അതിനുശേഷം ഈ ചോദ്യങ്ങൾ ചോദിക്കാൻ മാതൃഭൂമി ആരെ വേണമെങ്കിലും നിയോഗിക്കുക.
വിഷയം ഭൂപതിവ് ചട്ടവും നിയമവും ഇടുക്കി ജില്ലയും, ഒക്കെയായി ബന്ധപ്പെട്ടതായത് കൊണ്ട് ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരു സിപിഎം നേതാവോ, എംഎൽഎയോ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം പറയുന്ന കാര്യങ്ങളിൽ സത്യസന്ധതയും,യാഥാർത്ഥ്യവും, വ്യക്തതയും എന്താണ് എന്ന് ഒരുപക്ഷേ മാധ്യമപ്രവർത്തകരേക്കാൾ പറയാൻ കഴിയുന്നവരാണ് അവരിൽ പലരും..
ഈ കാര്യത്തിൽ ഞാൻ മുന്നോട്ടുവയ്ക്കുന്ന പേര് ഇടുക്കിയിൽ നിന്നുള്ള മുതിർന്ന സി പി എം നേതാവും മുൻ മന്ത്രിയുമായുള്ള എം എം മണിയുടേതാണ് .
ചോദ്യങ്ങൾക്കുള്ള മറുപടിയുമായി മാതൃഭൂമി ചാനലിൽ തന്നെ ഒരു ചർച്ചവെക്കാം അപ്പോൾ പൊതു സമൂഹത്തിനും അത് കേൾക്കാൻ കഴിയുമല്ലോ.. സ്ഥലവും സമയവും മാതൃഭൂമിക്ക് തന്നെ നിശ്ചയിക്കാം..
ഇതാണ് എനിക്ക് ഇതിൽ ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി. ഒരു കാര്യമേ അവസാനമായി പറയാനുള്ളൂ..
കാര്യങ്ങൾക്ക് വ്യക്തത വന്നാലും വീണ്ടും വീണ്ടും പുകമറ സൃഷ്ടിക്കാൻ വേണ്ടി മാത്രം ഒരു മാധ്യമ സ്ഥാപനത്തെയോ അതിന്റെ ക്രെഡിബിലിറ്റിയെയോ, അതിലെ ഉന്നത സ്ഥാനങ്ങളെയോ ദയവുചെയ്ത് ദുരുപയോഗം ചെയ്യരുത് എന്നൊരു അഭ്യർത്ഥന മാത്രം..
ഒരിക്കൽ കൂടി വിചാരണയ്ക്കായി വരാൻ ഞാൻ തയ്യാറാണ്..

---- facebook comment plugin here -----

Latest