Connect with us

Kerala

സര്‍വീസ് ചട്ടലംഘനം: രണ്ട് യുവ ഐ എ എസ് ഓഫീസര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ഉടന്‍

കെ ഗോപാലകൃഷ്ണന്‍, എന്‍ പ്രശാന്ത് എന്നിവര്‍ക്കെതിരായ നടപടി മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയ ഉടന്‍

Published

|

Last Updated

തിരുവനന്തപുരം | വിവാദമുണ്ടാക്കിയ രണ്ട് യുവ ഐ എ എസ് ഓഫീസര്‍മാര്‍ക്കും എതിരെ സര്‍ക്കാര്‍ നടപടി ഉടന്‍. സര്‍വീസ് ചട്ടലംഘനം നടത്തിയ കെ ഗോപാലകൃഷ്ണന്‍, എന്‍ പ്രശാന്ത് എന്നിവര്‍ക്കെതിരായ നടപടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയ ഉടന്‍ തീരുമാനമെടുക്കും.

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത വ്യവസായ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെതിരെ നടപടിയെടുക്കാം എന്ന റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. സിവില്‍ സര്‍വീസിനെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള നീക്കം നടുക്കത്തോടെയാണ് കേരളീയ സമൂഹം കേട്ടത്. ഇടതു സര്‍ക്കാറിന്റെ കാലത്ത് ഇത്തരം ഒരു നീക്കം നടന്നത് സര്‍ക്കാറും സി പി എമ്മും ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരെയാണ് പ്രശാന്ത് പരസ്യ വിമര്‍ശനം തുടരുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ വിമര്‍ശനം തുടരുന്ന പ്രശാന്തിനെതിരെ വിശദീകരണം തേടാതെ തന്നെ നടപടിയെടുക്കാം എന്ന റിപ്പോര്‍ട്ട് ഇന്നലെ തന്നെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു.

നടപടി ഉറപ്പായിരിക്കെ അധിക്ഷേപ പോസ്റ്റുമായി എന്‍ പ്രശാന്ത് ഇന്നും രംഗത്തുവന്നു. പരസ്യ വിമര്‍ശനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാരില്‍ നിന്ന് എതിര്‍പ്പ് തുടര്‍ന്നിട്ടും പ്രശാന്ത് അത് അവസാനിപ്പിക്കുന്നില്ല. കര്‍ഷകനാണ് കളപറിക്കാന്‍ ഇറങ്ങിയതാണെന്ന ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശാന്ത് ലക്ഷ്യം വെക്കുന്നത് എ ജയതിലകിനെ തന്നെയാണ്.

സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തിക്കുന്നത് ഏതു ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ഐ എ എസ് ഉദ്യോഗസ്ഥര്‍ പരസ്യമായ ചേരിപ്പോരില്‍ ഏര്‍പ്പെടുന്നും വര്‍ഗീയ നീക്കം നടത്തുന്നതും സിപിഎം നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊടിയിറങ്ങിയശേഷം മുഖ്യമന്ത്രി തലസ്ഥാനത്ത് തിരികെ എത്തിയാല്‍ രണ്ട് ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം.

 

 

Latest