Kerala
ട്രാഫിക് നിയമ ലംഘനം 'സഊദി'യില്‍; പിഴയിട്ടത് കേരള പോലീസ്
വെഞ്ഞാറമൂട് സ്വദേശിക്ക് ലഭിച്ച നോട്ടീസില്‍ സംഭവം നടന്നത് സഊദി അറേബ്യയില്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം | ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് അയച്ച നോട്ടീസില്‍ സംഭവം നടന്ന സ്ഥലം തെറ്റായി രേഖപ്പെടുത്തിയത് ചര്‍ച്ചയാകുന്നു. വെഞ്ഞാറമൂട് സ്വദേശിക്ക് ലഭിച്ച നോട്ടീസില്‍ സംഭവം നടന്നത് സഊദി അറേബ്യയില്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസാകട്ടെ പിഴവിന്റെ കാരണം വിശദീകരിക്കാനാകാത്ത സ്ഥിതിയിലുമാണ്.
തിരുവനന്തപുരം റൂറല്‍ പോലീസ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രം സഹിതമാണ് നോട്ടീസ് ലഭിച്ചത്. ചിത്രവും വാഹനത്തിന്റെ നമ്പറുമൊക്കെ കൃത്യം. പക്ഷെ, സംഭവം നടന്ന സ്ഥലം കണ്ടപ്പോഴാണ് വാഹന ഉടമ ഞെട്ടിയത്. സംഭവം ഇവിടെത്തന്നെ നടന്നതാണെങ്കിലും അതില്‍ സ്ഥലം എങ്ങനെ സഊദി അറേബ്യ ആയി എന്ന ചോദ്യത്തിന് പോലീസിന് കൃത്യമായ മറുപടിയില്ല.
നേരത്തെ, മോട്ടോര്‍ വാഹന വകുപ്പ് കാറില്‍ സഞ്ചരിച്ചയാള്‍ക്ക് ഹെല്‍മെറ്റ് ധരിക്കാത്തതിന് നോട്ടീസ് അയച്ചതും ഒന്നര വര്‍ഷം മുമ്പ് മരണപ്പെട്ടയാളുടെ പേരില്‍ നോട്ടീസ് നല്‍കിയതുമൊക്കെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.