Kerala
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം; കര്‍ശന നടപടിക്ക് നിര്‍ദേശിച്ച് ഡി ജി പി
തിരുവനന്തപുരം | സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ കര്‍ശന നടപടിക്ക് നിര്‍ദേശിച്ച് ഡി ജി പി. നിലവിലുള്ള കേസുകളില്‍ കര്‍ശന നടപടി വേണമെന്ന് പുതുതായി പുറത്തിറക്കിയ സര്‍ക്കുലറില്‍ ഡി ജി പി ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരുടെ പരാതികളില്‍ വേഗത്തില്‍ ഇടപെടണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്്.
ആശുപത്രികളില്‍ നിന്നോ ആശുപത്രി ജീവനക്കാരില്‍ നിന്നോ ലഭിക്കുന്ന പരാതികളില്‍ അടിയന്തരമായ നടപടി സ്വീകരിക്കണം. ഇത്തരം കേസുകളില്‍ ജില്ലാ പോലീസ് മേധാവികളുടെ മേല്‍നോട്ടമുണ്ടാവണം. ആശുപത്രികളിലെ പോലീസ് എയ്ഡ്പോസ്റ്റ് കാര്യക്ഷമമാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി പ്രത്യേക നിയമം നിലനില്‍ക്കുന്നുണ്ട്. ഇതുപ്രകാരം കേസെടുത്തു വരികയും ചെയ്യുന്നുണ്ട്. എന്നാല്‍, സംസ്ഥാനത്തെ ആരോഗ്യപരിചരണ സംവിധാനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഇപ്പോഴും ആക്രമണങ്ങള്‍ നേരിടുകയാണെന്നും അടിയന്തര സ്വഭാവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.