Connect with us

National

ആശുപത്രിക്ക് നേരെ അക്രമം: പശ്ചിമ ബംഗാളിൽ സമരം പുനഃരാരംഭിച്ച് ഡോക്ടർമാരുടെ സംഘടന

ഇന്നലെ രാത്രി വൈകി, ആയിരത്തോളം പേരടങ്ങുന്ന സംഘം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കുകയും അക്രമം അഴിച്ചുവിടുകയുമാണുണ്ടായത്.

Published

|

Last Updated

കൊൽക്കത്ത | ആർജി കാർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് റസിഡൻ്റ് ഡോക്ടർമാർ വീണ്ടും സമരം ആരംഭിച്ചു. ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഇന്ത്യ (ഫോർഡ) ആണ് സമരം പുനരാരംഭിച്ചത്. ഇന്ന് മെഡിക്കൽ കോളേജിലുണ്ടായ അക്രമ സംഭവങ്ങളെ തുടർന്നാണ് തീരുമാനമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതായും ഡോക്ടർമാർ ആരോപിച്ചു.

ഓഗസ്റ്റ് 13-ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ചർച്ച നടത്തിയതിന് ശേഷമാണ് ഫോർഡ സമരം പിൻവലിച്ചത്. തുടർന്ന് നീതി ലഭിക്കുമെന്ന് നദ്ദ ഉറപ്പ് നൽകിയിരുന്നു. ഡോക്ടർമാർക്കും മെഡിക്കൽ പ്രവർത്തകർക്കുമെതിരായ അക്രമങ്ങൾ തടയാൻ നിയമം കൊണ്ടുവരുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ കോളജിൽ വീണ്ടും അക്രമ സംഭവങ്ങൾ ഉണ്ടായതോടെ ഡോക്ടർമാർ നിലപാട് മാറ്റുകയായിരുന്നു.

ഇന്നലെ രാത്രി വൈകി, ആയിരത്തോളം പേരടങ്ങുന്ന സംഘം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കുകയും അക്രമം അഴിച്ചുവിടുകയുമാണുണ്ടായത്. ജനക്കൂട്ടം ആശുപത്രിയിലെ ഉപകരണങ്ങളും യന്ത്രങ്ങളും എടുത്തെറിഞ്ഞു. ഫർണിച്ചറുകൾ നശിപ്പിച്ചു. സിസിടിവി ക്യാമറകൾക്കും കേടുപാടുകൾ സംഭവിച്ചു. പോലീസ് വാഹനങ്ങൾ തകർക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ഇതിനിടെ 15 പോലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ 9 അക്രമികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുവ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സെമിനാർ മുറിയിൽ കുറ്റകൃത്യം നടന്ന സ്ഥലത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കും. ബിജെപിയും തൃണമൂൽ കോൺഗ്രസ്സും പ്രതിഷേധക്കാർക്കിടയിൽ കലാപകാരികളെ അയച്ചതായും ആരോപിക്കുന്നുണ്ട്.