Hindutva Groups Blocked Namaz
ജുമുഅക്ക് നേരെ അതിക്രമം; ഗുരുഗ്രാം വിഷയം സുപ്രീം കോടതിയിലേക്ക്
ഹരിയാന ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന്
ന്യൂഡൽഹി | ഗുരുഗ്രാമിലെ ജുമുഅ തടസ്സപ്പെടുത്തലുമായി ബന്ധപ്പെട്ട് ഹരിയാന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. രാജ്യസഭ മുൻ അംഗമായ മുഹമ്മദ് അദീബാണ് ഹരജി സർമർപ്പിച്ചിരിക്കുന്നത്. വിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ സംഭവത്തിൽ ഹരിയാന സർക്കാർ പാലിക്കുന്നില്ലെന്ന് കാണിച്ചാണ് ഹരജി.
ഹരിയാന ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവരെയാണ് എതിർകക്ഷിയായി ചേർത്തിരിക്കുന്നത്. ആൾക്കൂട്ട ആക്രമണം, ആൾക്കൂട്ടക്കൊല എന്നിവ നിയന്ത്രിക്കുന്നതിനായി 2018ൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഗുരുഗ്രാമിലെ സംഭവത്തിൽ പാലിക്കാൻ ഹരിയാന സർക്കാർ തയ്യാറാകുന്നില്ല. മാസങ്ങളായി ഗുരുഗ്രാമിലെ മുസ്‌ലിംകളുടെ പ്രാർഥന തടസ്സപ്പെടുത്തുന്നതിന് സംഘപരിവാർ സംഘങ്ങൾ അതിക്രമം നടത്തുകയാണ്. നഗരത്തിലുടനീളം ഒരു സമുദായത്തിനെതിരെ വിദ്വേഷം പരത്തുകയാണെന്നും ഹരജിയിൽ ആരോപിച്ചു. മസ്ജിദുകൾ കുറവുള്ള ഗുരുഗ്രാമിലെ പ്രദേശങ്ങളിൽ മുസ്‌ലിംകൾ ജുമുഅ പ്രാർഥന തുറന്ന സ്ഥലങ്ങളിൽ നടത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതിനെതിരെ ഒരു കൂട്ടം ഹിന്ദുത്വ വാദികൾ രംഗത്തെത്തി. ജുമുഅ നടക്കുന്ന സമയത്ത് പ്രദേശത്ത് സംഘടിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. പ്രദേശത്ത് ജുമുഅ സമയങ്ങളിൽ ഭജന നടത്തുകയും ചെയ്തിരുന്നു.
ഇതിനെതിരെ പരാതിപ്പെട്ടിട്ടും ഹരിയാന പോലീസ് കൃത്യമായ നടപടി സ്വീകരിച്ചിരുന്നില്ല. പരസ്യ നിസ്‌കാരം അനുവദിക്കില്ലെന്നാണ് ഹരിയാനാ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ പറയുന്നത്.