Kerala
രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം 28 ശതമാനം വര്‍ധിച്ചു; കുറ്റവാളികളെ ബി ജെ പി സര്‍ക്കാര്‍ സംരക്ഷിക്കുന്നു: ബൃന്ദാ കാരാട്ട്
ദിവസവും 88 സ്ത്രീകള്‍ പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാകുന്നു.
പത്തനംതിട്ട | മോദി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണത്തിനിടെ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം 28 ശതമാനം വര്‍ധിച്ചുവെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു.
ദിവസവും 88 സ്ത്രീകള്‍ പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാകുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ ലോക വനിതാ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ ചേര്‍ന്ന വനിതാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബൃന്ദ.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ കുറ്റവാളികള്‍ ബി ജെ പി ഭരണത്തില്‍ സുരക്ഷിതരായി കഴിയുന്നു. നാരീശക്തി ഗ്യാരണ്ടിയെന്ന് പറയുന്ന മോദി കഴിഞ്ഞ ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്ക് 1,25,000 കോടി രൂപയുണ്ടായിരുന്ന ബജറ്റ് വിഹിതം 60,000 കോടിയായി വെട്ടിക്കുറച്ചു. ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ആശ്വാസമായ പദ്ധതിയില്‍ മാസങ്ങളായി പലര്‍ക്കും കൂലി ലഭിച്ചിട്ടില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.