International
പോളണ്ട് അതിര്‍ത്തിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ യുക്രൈന്‍ സൈനികരുടെ അതിക്രമം
അതിർത്തിയിൽ കൂട്ടം കൂടി നില്‍ക്കുന്ന കുട്ടികളുടെ ഇടയിലേക്ക് യുക്രെെൻ സെെനികർ വാനും കാറും ഇടിച്ചു കയറ്റുന്നുവെന്ന് മലയാളി വിദ്യാർഥിനി എയ്ഞ്ചൽ
കീവ് | ഉക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് നേരെ ഉക്രൈന്‍ സൈനികരുടെ അതിക്രമം. കിലോമീറ്ററുകളോളം നടന്ന് ഷെഹ്നിയിലെ പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് മലയാളി വിദ്യാര്‍ഥിനി എയ്ഞ്ചല്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ കുടുങ്ങിയ വിദ്യാര്‍ഥിനികളെ യുക്രൈന്‍ പോലീസും സൈനികരും ചേര്‍ന്ന് തിരിച്ചയക്കുകയാണെന്ന് എയ്ഞ്ചല്‍ പറയുന്നു. ലാത്തിവീശിയും വെടിയുതിര്‍ത്തുമാണ് ആളുകളെ തിരിച്ചയക്കുന്നത്. കൂട്ടം കൂടി നില്‍ക്കുന്ന കുട്ടികളുടെ ഇടയിലേക്ക് വാനും കാറും കയറ്റിയും ആക്രമണം നടത്തുന്നു. അതിക്രമത്തെ തുടര്‍ന്ന് താഴെ വീണ കുട്ടികള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തുകയാണെന്നും എയ്ഞ്ചല്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
അതിക്രമം തടയാന്‍ ശ്രമിച്ച തനിക്ക് നേരയും അത് കണ്ട് എത്തിയ സുഹൃത്തിന് നേരെയും മര്‍ദനമുണ്ടായതായി എയ്ഞ്ചല്‍ പറഞ്ഞു. മറ്റൊരു വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞു. ഈ രീതിയിലല്ല യുക്രൈന്‍ സൈന്യം ഈ സമയം തങ്ങളോട് പെരുമാറേണ്ടതെന്നും ഇത് വളരെ മോശമാണെന്നും എയ്ഞ്ചല്‍ പറഞ്ഞു.
നൂറുക്കണക്കിന് മലയാളി വിദ്യാര്‍ഥിനികള്‍ പോളണ്ട് അതിര്‍ത്തിയില്‍ രക്ഷാമാര്‍ഗവും കാത്ത് കഴിയുന്നുണ്ട്. അതിര്‍ത്തിയില്‍ എത്തുവാന്‍ എംബസി അധികൃതര്‍ നിര്‍ദേശം നല്‍കിയത് അനുസരിച്ചാണ് കിലോമീറ്ററുകള്‍ താണ്ടി വിദ്യാര്‍ഥികള്‍ ഇവിടെ എത്തിയത്. എന്നാല്‍ അതിര്‍ത്തിയില്‍ നിന്ന് ഇവരെ രക്ഷിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഇപ്പോഴും ആയിട്ടില്ല.
യുക്രൈന്റെ കിഴക്കന്‍ മേഖലയിലുള്ളവരെയാണ് ഇപ്പോള്‍ രക്ഷപ്പെടുത്തുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പടിഞ്ഞാറന്‍മേഖലയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം എത്തിയിട്ടില്ലെന്നും ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാകുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.