Ongoing News
അക്രമം; ഓസീസ് മുന്‍ ടെസ്റ്റ് ഓപണര്‍ മിഷേല്‍ സ്ലേറ്റര്‍ക്ക് നാലുവര്‍ഷം തടവ്
കേസിന്റെ വിചാരണയ്ക്കു മുമ്പായി പല തവണ ജാമ്യം നിഷേധിക്കപ്പെട്ട് ഒരുവര്‍ഷത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞത് ശിക്ഷയായി പരിഗണിച്ച് 55കാരനായ താരത്തെ തത്കാലം വിട്ടയച്ചു.

മെല്‍ബണ്‍ | അക്രമ സംഭവങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആസ്‌ത്രേലിയന്‍ മുന്‍ ടെസ്റ്റ് ക്രിക്കറ്റ് ഓപണര്‍ മിഷേല്‍ സ്ലേറ്ററെ നാലുവര്‍ഷം തടവിനു ശിക്ഷിച്ച് കോടതി. എന്നാല്‍, കേസിന്റെ വിചാരണയ്ക്കു മുമ്പായി പല തവണ ജാമ്യം നിഷേധിക്കപ്പെട്ട് ഒരുവര്‍ഷത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞത് ശിക്ഷയായി പരിഗണിച്ച് 55കാരനായ താരത്തെ തത്കാലം വിട്ടയച്ചു.
അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ വീണ്ടും ഗുരുതരമായ അക്രമ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ താരത്തിന് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാനായി ജയിലിലേക്ക് മടങ്ങേണ്ടി വരുമെന്ന് മാറുഷൈഡോര്‍ പ്രവിശ്യാ കോടതി വ്യക്തമാക്കി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ടെലിവിഷനില്‍ ക്രിക്കറ്റ് വിദഗ്ധനായി പ്രവര്‍ത്തിച്ചിരുന്ന സ്ലേറ്റര്‍ക്ക്, അശ്രദ്ധയോടെയും വീണ്ടുവിചാരമില്ലാതെയും പെരുമാറുന്ന തരം മാനസികാസ്വാസ്ഥ്യമുള്ളതായി നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
1993-2001 കാലയളവില്‍ 74 ടെസ്റ്റ് മത്സരങ്ങളില്‍ ആസ്‌ത്രേലിയക്കായി പാഡണിഞ്ഞ സ്ലേറ്റര്‍ 14 ശതകങ്ങള്‍ ഉള്‍പ്പെടെ 5,000 റണ്‍സ് നേടിയിട്ടുണ്ട്. 2004ല്‍ വിരമിക്കുന്നതിനു മുമ്പ് 42 അന്താരാഷ്ട്ര ഏകദിനങ്ങളും സ്ലേറ്റര്‍ കളിച്ചിട്ടുണ്ട്.