Connect with us

National

നാഗ്പുരിലെ മഹല്‍ മേഖലയില്‍ അക്രമം; നിരവധി വാഹനങ്ങള്‍ കത്തിച്ചു, പ്രദേശത്ത് നിരോധനാജ്ഞ

കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി മേഖലയില്‍ വന്‍ പോലീസ് സംഘത്തെ വിന്യസിച്ചു.

Published

|

Last Updated

നാഗ്പുര്‍ | മഹാരാഷ്ട്രയിലെ നാഗ്പുര്‍ മഹല്‍ മേഖലയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ സംഘര്‍ഷാവസ്ഥ. ഔറംഗസേബിന്റെ ഖബര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ മാര്‍ച്ച് നടത്തിയതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. കല്ലേറുണ്ടായത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. പ്രദേശത്ത് എത്തിയ പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.  പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി മേഖലയില്‍ വന്‍ പോലീസ് സംഘത്തെ വിന്യസിച്ചു.

അക്രമത്തില്‍ ഡി സി പി. ആര്‍ചിദ് ചന്ദക് ഉള്‍പ്പെടെ നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും പോലീസുമായി സഹകരിക്കണമെന്നും ഡി സി പി ജനങ്ങളോട് ആവശ്യപ്പെട്ടു.

രണ്ട് ജെ സി ബി ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടതായി ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു ഫയര്‍മാന് പരുക്കേറ്റതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു. പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി വരികയാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യര്‍ഥിച്ചു. അക്രമം നടത്തിയവരെ കണ്ടെത്തുന്നതിനും സംഘര്‍ഷത്തിന്റെ കാരണം കണ്ടെത്തുന്നതിനുമുള്ള അന്വേഷണത്തിലാണ് പോലീസ്.

അതിനിടെ, അക്രമ സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന (യു ബി ടി) രംഗത്തെത്തി. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പാര്‍ട്ടി വക്താവ് ആനന്ദ് ദുബെ ആരോപിച്ചു.