Connect with us

ഫെഡറൽ

വോട്ടുത്സവത്തിനിടെ പ്രക്ഷോഭച്ചൂട്

ഹിന്ദുത്വ നയങ്ങളുടെ തുല്യാനുപാതത്തില്‍ കശ്മീരിന്റെയും ലഡാക്കിന്റെയും മണ്ണ് കോര്‍പറേറ്റുകള്‍ക്ക് കൂടി പകുത്തുനല്‍കുകയെന്ന ലക്ഷ്യം ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബില്ലവതരണത്തിന് പിന്നിലുണ്ടായിരുന്നെന്ന് അന്നേ ഉയര്‍ന്ന വിമര്‍ശം, മാസങ്ങള്‍ കൊഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലായിരുന്നു. ഇന്ന് അതിന്റെ ജീവിക്കുന്ന ബലിയാടാണ് ലഡാക്ക്.

Published

|

Last Updated

രണ്ടാം മോദി സര്‍ക്കാറിന്റെ മൂന്നാം മാസത്തില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനം കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചപ്പോള്‍ ആഹ്ലാദം അലതല്ലിയ മേഖലയായിരുന്നു ലഡാക്ക്. താഴ്വര കേന്ദ്രീകരിച്ചുള്ള ഭരണത്തില്‍ എന്നും അരികുവത്കരിക്കപ്പെട്ടുവെന്ന വികാരത്തിലായിരുന്നു ലേയിലെ ജനങ്ങള്‍. എന്നാല്‍, ഇന്ന് അഭൂതപൂര്‍വ പ്രക്ഷോഭത്തിന്റെ മധ്യത്തിലാണ് ലഡാക്ക്. വൈകാരികതക്കപ്പുറത്ത് യാഥാര്‍ഥ്യം ഒന്നൊന്നായി അവര്‍ക്ക് മുന്നില്‍ അഴിഞ്ഞുവീണപ്പോള്‍ കേന്ദ്ര ഭരണപ്രദേശം പ്രഖ്യാപിക്കപ്പെട്ട സമയത്തെ സന്തോഷമെല്ലാം വറ്റിവരണ്ടു. ഹിന്ദുത്വ നയങ്ങളുടെ തുല്യാനുപാതത്തില്‍ കശ്മീരിന്റെയും ലഡാക്കിന്റെയും മണ്ണ് കോര്‍പറേറ്റുകള്‍ക്ക് കൂടി പകുത്തുനല്‍കുകയെന്ന ലക്ഷ്യം ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബില്ലവതരണത്തിന് പിന്നിലുണ്ടായിരുന്നെന്ന് അന്നേ ഉയര്‍ന്ന വിമര്‍ശം, മാസങ്ങള്‍ കൊഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലായിരുന്നു. ഇന്ന് അതിന്റെ ജീവിക്കുന്ന ബലിയാടാണ് ലഡാക്ക്.

കാര്‍ഗിലും ലേയും ഒന്നിച്ച്
മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള കാര്‍ഗില്‍ ഒഴിച്ചുനിര്‍ത്തിയാല്‍ തിബത്തന്‍ ബുദ്ധമതക്കാരാണ് കൂടുതല്‍. ഹിന്ദു സമുദായവുമുണ്ട്. ജനസംഖ്യയില്‍ 97 ശതമാനവും ഗോത്ര ജനത എന്ന ഒറ്റ മേല്‍വിലാസത്തില്‍ അറിയപ്പെടുന്നു. ഒരു പാര്‍ലിമെന്റ് മണ്ഡലമാണ് ഇവിടെയുള്ളത്. കഴിഞ്ഞ രണ്ട് തവണയും ബി ജെ പിയാണ് വിജയിച്ചത്. എന്നാല്‍, ബി ജെ പിയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്ന സംഭവവികാസങ്ങള്‍ ലഡാക്കില്‍ അരങ്ങേറുന്നു. രാജ്യത്ത് ഒരു പതിറ്റാണ്ടായി അപൂര്‍വമായ പ്രക്ഷോഭ നൈരന്തര്യമാണ് അധികമൊന്നും വാര്‍ത്തകള്‍ പുറത്തുവരാത്ത ഇവിടെ നിന്ന്. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് കാര്‍ഗിലിലെയും ലേയിലെയും ജനങ്ങള്‍ ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുകയാണ്. സോനം വാംഗ്ചക് എന്ന സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകന്റെ പിന്നില്‍ ജനങ്ങളൊന്നടങ്കം അണിനിരന്നിരിക്കുന്നു.

രാജ്യത്തെ ഞെട്ടിച്ച മുന്നേറ്റം
കേന്ദ്ര സര്‍ക്കാറുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെടുമ്പോഴെല്ലാം മാസത്തിന്റെ ആദ്യയാഴ്ച ജനങ്ങള്‍ തെരുവിലിറങ്ങുന്നുണ്ട്. കഴിഞ്ഞ മാസത്തെ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ വാംഗ്ചക് 21 ദിവസത്തെ നിരാഹാര സമരവും പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ഒമ്പത് പ്രാവശ്യമാണ് കേന്ദ്രവും ലഡാക്ക് സമര സമിതിയും ചര്‍ച്ച നടത്തി അലസിപ്പിരിഞ്ഞത്. ഒരു പടികൂടി കടന്ന് ഈ മാസം ഏഴിന് ചൈനാ അതിര്‍ത്തിയിലേക്ക് വമ്പനൊരു മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. രാജ്യമൊന്നടങ്കം തിരഞ്ഞെടുപ്പാരവത്തില്‍ ഇളകിമറിയുമ്പോള്‍ ലഡാക്ക് പ്രശ്നത്തിലേക്ക് എത്തിനോക്കാനുള്ള ഒരു പിടിവള്ളിയായി ഈ പ്രഖ്യാപനം മാറി. നടന്‍ പ്രകാശ് രാജിനെ പോലെ രാഷ്ട്രീയ നിലപാടുള്ളയാളുകള്‍ ലഡാക്ക് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്താനും ഇടയാക്കി. അന്നേദിനം ഇന്റര്‍നെറ്റ് വിച്ഛേദിക്കാനും സുരക്ഷ ശക്തമാക്കാനും ഉത്തരവിട്ട് ലഡാക്കിനെ ‘യുദ്ധമേഖല’യാക്കിയെന്ന് ചൂണ്ടിക്കാട്ടി സമര സമിതി മാര്‍ച്ച് പിന്‍വലിക്കുകയായിരുന്നു. ഇത്തരമൊരു ജനകീയ മുന്നേറ്റം നടക്കുന്നുണ്ടെന്ന് രാജ്യത്തെ അറിയിക്കലായിരുന്നു സമിതിയുടെ പ്രധാന ലക്ഷ്യം. ലേ അപെക്സ് ബോഡി(എല്‍ എ ബി)യും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും (കെ ഡി എ) സംയുക്തമായി 2021 ആഗസ്റ്റിലാണ് സമരത്തിലേക്ക് കടന്നത്. സംസ്ഥാനമായിരുന്ന സമയത്ത് ലഡാക്കിനുണ്ടായിരുന്ന പരാതി, കേന്ദ്ര ഭരണ പ്രദേശമാക്കിയപ്പോള്‍ കാര്‍ഗിലിനുമുണ്ടായിരുന്നു.

രാഷ്ട്രീയ, സാമ്പത്തിക വിവേചനങ്ങളാണ് ലേയില്‍ നിന്ന് 200 കി മീ അകലെയുള്ള കാര്‍ഗില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍, ഭൂ അവകാശം, സ്വത്വം, തൊഴില്‍, ഭരണഘടനയുടെ ആറാം പട്ടിക പ്രകാരമുള്ള ഗോത്ര- സംസ്ഥാന പദവികള്‍, ജനാധിപത്യ പ്രാതിനിധ്യം, പരിസ്ഥിതി സംരക്ഷണം അടക്കമുള്ള ജീവല്‍ പ്രശ്നങ്ങളില്‍ ആ പരാതിയെല്ലാം അലിഞ്ഞില്ലാതായി. കശ്മീരിലേത് പോലെ പുറത്തുനിന്നുള്ളവര്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതും ഗോത്ര വിഭാഗങ്ങളുടെ അനുപാതത്തില്‍ വ്യത്യാസം വരലുമെല്ലാം ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിനോദസഞ്ചാരത്തിനായി മേഖല തുറന്നുകൊടുത്തതും ഏഴ് ജലവൈദ്യുതി പദ്ധതികളുടെ പ്രഖ്യാപനവും മറ്റും പരിസ്ഥിതിയെ തകര്‍ക്കുമെന്ന് ഈ ഹിമപ്രദേശത്തിന് ആശങ്കയുണ്ട്.

26ല്‍ രണ്ട്
കഴിഞ്ഞ ഒക്ടോബറില്‍ ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ഫോര്‍ കാര്‍ഗില്‍ (എല്‍ എ എച്ച് ഡി സി- കെ) എന്ന സ്വയംഭരണാധികാര സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ആധാരമാക്കുകയാണെങ്കില്‍ ലഡാക്ക് സീറ്റില്‍ ബി ജെ പിക്ക് ഹാട്രിക് വിജയം അസാധ്യമാകുകയും കോണ്‍ഗ്രസ്സ് പിടിച്ചെടുക്കുകയും ചെയ്യും. ആകെ 26 സീറ്റില്‍ നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസ്സും 22 എണ്ണം നേടി. ബി ജെ പിക്കും സ്വതന്ത്രന്മാര്‍ക്കും രണ്ട് വീതം ലഭിച്ചു. പോളിംഗാകട്ടെ 78 ശതമാനവും. കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചത് മാത്രം വോട്ടാകുമെന്ന് നിനച്ച ബി ജെ പിയുടെ മുഖത്തേറ്റ അടിയായിരുന്നു ഈ ഫലം.

ഇതിനൊപ്പം നിലവിലെ ജനകീയ പ്രക്ഷോഭം കൂടിയാകുമ്പോള്‍ ഇന്ത്യ മുന്നണി വലിയ പ്രതീക്ഷയാണ് ലഡാക്കില്‍ വെച്ചുപുലര്‍ത്തുന്നത്. കനത്ത മഞ്ഞുമഴ പെയ്യുമ്പോഴും പ്രതിഷേധക്കനലുമായി ജനങ്ങള്‍ തെരുവ് കീഴടക്കുന്നത് ഗുണപ്രദമാകുമെന്ന് അവര്‍ കരുതുന്നു. കശ്മീരിലെ സീറ്റുധാരണ പ്രകാരം കോണ്‍ഗ്രസ്സാണ് ഇവിടെ മത്സരിക്കുന്നത്.

 

Latest