Massive explosion Tripunithura
തൃപ്പൂണിത്തുറ തെക്കും ഭാഗത്ത് പടക്ക സംഭരണ കേന്ദ്രത്തില്‍ ഉഗ്ര സ്‌ഫോടനം; ഒരാള്‍ മരിച്ചു
പുതിയ കാവ് ക്ഷേത്ര ഉത്സവത്തിനായി കൊണ്ടുവന്ന പടക്കമാണു പൊട്ടിത്തെറിച്ചതെന്നാണു വിവരം

കൊച്ചി | എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക സംഭരണ കേന്ദ്രത്തില്‍ തീപിടിച്ച് ഉഗ്ര സ്‌ഫോടനമുണ്ടായി. ഒരാള്‍ മരിച്ചു. പടക്കം കയറ്റിവന്ന ലോറി പൂര്‍ണമായി കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങള്‍ക്കു നാശനഷ്ട മുണ്ടായി. സ്തീകളടക്കം 16 പേര്‍ക്കു പരിക്കുണ്ട്.
വിഷ്ണു എന്ന ആളാണു മരിച്ചത്. തിരുവനന്തപുരത്തുള്ള ആള്‍ക്കാണു പടക്ക കരാര്‍ നല്‍കിയത്. കരാറുകാരുടെ ആളാണു മരിച്ച വിഷ്ണു എന്നാണു കരുതുന്നത്. പുതിയ കാവ് ക്ഷേത്ര ഉത്സവത്തിനായി കൊണ്ടുവന്ന പടക്കമാണു പൊട്ടിത്തെറിച്ചതെന്നാണു വിവരം. സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി. വലിയ സ്‌ഫോടന ശബ്ദത്തില്‍ പ്രദേശമാകെ നടുങ്ങി. ഫയര്‍ ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. എത്ര പേര്‍ക്ക് പരുക്കേറ്റുവെന്ന വിവരം ലഭ്യമായിട്ടില്ല.
പരിക്കേറ്റ രണ്ടുപേരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി. 300 മീറ്റര്‍ അപ്പുറത്തേക്കു അവശിഷ്ടങ്ങള്‍ തെറിച്ചു വീണുവെന്നാണു സമീപ വാസികള്‍ പറയുന്നത്. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. അടുത്തുളള വീടുകളെല്ലാം തകര്‍ന്നു. 45 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
അനുമതിയില്ലാതെയാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്നു നാട്ടുകാര്‍ ആരോപിച്ചു. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയര്‍ഫോഴ്‌സും സ്ഥിരീകരിച്ചു. പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പുണ്ണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിക്കാനും നിര്‍ദേശം നല്‍കി.
പുതിയകാവ് ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിന് അമ്പലക്കമ്മിറ്റിക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും അനധികൃതമായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി. വെടിക്കെട്ട് നടത്തരുതെന്ന് അമ്പല കമ്മിറ്റിക്കും പടക്ക കരാറുകാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നില്ല. പുതിയകാവ് ക്ഷേത്രത്തില്‍ ഇന്നലെ തെക്കുംപുറം വിഭാഗം സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ചതും അതുമതി ഇല്ലാതെയായിരുന്നു. തെക്കുംപുറം എന്‍ എസ് എസ് കരയോഗം ഭാരവാഹികള്‍ക്കെതിരെ ഇന്നലെ തന്നെ പോലീസ് കേസെടുത്തിരുന്നു. ഇന്ന് വൈകുന്നേരം വടക്കുംപുറം കരയോഗത്തിന്റെ വെടിക്കെട്ടായിരുന്നു നടത്താനിരുന്നത്. ഇതിനിടെയാണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടക വസ്തു ശേഖരിക്കുന്ന കെട്ടിടം കരയോഗം വകയാണ്. നേരത്തെ ഇവിടെ സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുമ്പോള്‍ പരിസരത്തെ വീടുകളില്‍ വിവരം നല്‍കാറുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഒരു വിവരവും നല്‍കാറില്ലെന്നു സമീപ വാസികള്‍ പറഞ്ഞു. കരയോഗം അംഗങ്ങളാണെങ്കിലും സാധാരണക്കാര്‍ പറയുന്നത് കരയോഗം കണക്കിലെടുക്കാറില്ലെന്നും സമീപവാസികള്‍ പ്രതികരിച്ചു.