Kerala
ശബരിമലയില്‍ ദിലീപിന് വിഐപി പരിഗണന; ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും
സി സി ടി വി ദൃശ്യങ്ങളടക്കം കോടതിയില്‍ ഇന്ന് ഹാജരാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കൊച്ചി| ശബരിമലയില്‍ നടന്‍ ദിലീപിന് പ്രത്യേക പരിഗണന നല്‍കിയതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സി സി ടി വി ദൃശ്യങ്ങളടക്കം കോടതിയില്‍ ഇന്ന് ഹാജരാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പോലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് ദര്‍ശനത്തിന് എത്തിയതെന്ന് വിശദീകരിക്കണമെന്ന് കോടതി വ്യക്തമാക്കുന്നു.
രണ്ടും മൂന്നും മണിക്കൂര്‍ ക്യൂ നിന്ന് ദര്‍ശനം നടത്താന്‍ കഴിയാതെ ഭക്തര്‍ മടങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഈ സംഭവം ചെറുതായി കാണാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം വിജിലന്‍സ് എസ്പി കഴിഞ്ഞ ദിവസം തന്നെ ദേവസ്വത്തിന് കൈമാറിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടാണ് കൈമാറിയതെന്നും വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയ്ക്ക് കൈമാറുമെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു പറഞ്ഞിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിച്ച് ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപം. ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ശബരിമലയിലെത്തുന്ന എല്ലാവരും തുല്യരാണ്. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്താണ് എല്ലാവരും എത്തുന്നത്. അതിനാല്‍ ആ രീതിയില്‍ തന്നെ കാര്യങ്ങള്‍ നടക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്.