Education
അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ വിറാസ് വിദ്യാര്‍ഥി സംബന്ധിച്ചു
അല്‍ഖസീം ബുറൈദ മുസ്തഖ്ബല്‍ യൂനിവേഴ്സിറ്റിയിലാണ് കോണ്‍ഫറന്‍സ് നടന്നത്.
ബുറൈദ | സഊദി അറേബ്യയിലെ അല്‍ഖസീം ബുറൈദ മുസ്തഖ്ബല്‍ യൂനിവേഴ്സിറ്റിയില്‍ നടന്ന ആറാമത് അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ വിറാസ് വിദ്യാര്‍ഥി അല്‍ വാരിസ് ഡോ. സഹല്‍ നൂറാനി പങ്കെടുത്തു. സഊദി അറേബ്യയിലെ അല്‍ ഖസീം ഗവര്‍ണര്‍ ഡോ. ഫൈസല്‍ ബിന്‍ മിശ്ആല്‍ ബിന്‍ സുഊദ് ബിന്‍ അബ്ദുല്‍ അസീസിന്റെ ക്ഷണപ്രകാരം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് ഡോ. സഹല്‍ പങ്കെടുത്തത്.
അല്‍ മുസ്തഖ്ബില്‍ യൂനിവേഴ്‌സിറ്റി, മലിക് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി, സുപ്രീം കൗണ്‍സില്‍ ഫോര്‍ അറബ്- ആഫ്രിക്കന്‍ ഇക്കോണമി, യൂസുഫ് അബ്ദുല്‍ ലത്വീഫ് ജമീല്‍ ചെയര്‍ ഫോര്‍ പ്രൊഫറ്റിക്ക് മെഡിസിന്‍ എന്നിവര്‍ സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
ബുറൈദയില്‍ നടന്ന കോണ്‍ഫറന്‍സില്‍ വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികളും യൂണിവേഴ്‌സിറ്റി ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വെണ്ണക്കോട് സ്വദേശിയായ അബ്ദുല്ല സഖാഫി-ജമീല ദമ്പതികളുടെ മകനായ അല്‍ വാരിസ് സഹല്‍ നൂറാനി വിറാസ് മുത്വവ്വല്‍ വിദ്യാര്‍ഥിയും ത്വിബ്ബുന്നവവി ഗവേഷകനുമാണ്. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജില്‍ നിന്ന് ഈയിടെയാണ് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയത്.