Ongoing News
കോലിയുടെ സെഞ്ച്വറി; ഭുവനേശ്വറിന്റെ അഞ്ച് വിക്കറ്റ്; ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാനെ നിലംപരിശാക്കി ഇന്ത്യ
ഇന്നത്തെ സെഞ്ച്വറി നേട്ടത്തോടെ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്നതിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനൊപ്പമെത്തി വിരാട് കോഹ്‌ലി
ദുബൈ | ഏഷ്യ കപ്പ് ട്വന്റി20 സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്താനെ നിലംപരിശാക്കി ഇന്ത്യ. വിരാട് കോലിയുടെ സെഞ്ച്വറിയുടെയും ഭുവനേശ്വര്‍ കുമാറിന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തിന്റെയും കരുത്തിൽ ഇന്ത്യ 101 റണ്‍സ് ജയം നേടി. നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം മറികടക്കാൻ അഫ്ഗാനിസ്ഥാനായില്ല. അഫ്ഗാന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
വിരാട് കോലി നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത് . 61 പന്തിൽ പുറത്താകാതെ 122 റൺസാണ് വിരാട് നേടിയത്. 53 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്. 2019ന് ശേഷം ആദ്യമായാണ് വിരാട് കോലി സെഞ്ച്വറി നേടുന്നത്. അന്താരാഷ്ട്ര ടി20യിലെ കോലിയുടെ ആദ്യ സെഞ്ചുറിയാണിത്.
കെ എൽ രാഹുൽ 62 റൺസെടുത്തു. 6 റൺസെടുത്ത സൂര്യകുമാർ യാദവ് പുറത്തായി. ഋഷഭ് പന്ത് 20 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കത്തിൽ തന്നെ കാലിടറിയിരുന്നു. 3 ഓവറിൽ 9 റൺസിന് 4 വിക്കറ്റുകൾ നഷ്ടമായ അവർക്ക് പിന്നീട് കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് അഫ്ഗാനിസ്ഥാന്റെ അന്തകനായത്.
ഇതിന് മുമ്പ്, 2019 നവംബർ 23 ന് ബംഗ്ലാദേശിനെതിരായ കൊൽക്കത്ത ടെസ്റ്റിലാണ് വിരാട് കോലി സെഞ്ച്വറി നേടിയത്. കരിയറിലെ 70-ാം സെഞ്ച്വറി നേട്ടമായിരുന്നു അത്. ഇന്നത്തെ സെഞ്ച്വറി നേട്ടത്തോടെ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്നതിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനൊപ്പമെത്തി വിരാട് കോഹ്‌ലി. ഇരുവർക്കും 71 സെഞ്ചുറികളുണ്ട്. 100 സെഞ്ചുറികളുമായി സച്ചിൻ ടെണ്ടുൽക്കറാണ് മുന്നിൽ.