International
ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിരാട് കോഹ്‍ലി സമ്പാദിക്കുന്നത് 11.45 കോടി രൂപ; ഇൻസ്റ്റയിൽ ഏറ്റവും വരുമാനം നേടുന്ന ഏഷ്യക്കാരൻ
പോർച്ചുഗലിന്റെ സ്റ്റാർ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആഗോള തലത്തിൽ ഒന്നാം സ്ഥാനത്ത്. ഒരു പോസ്റ്റിൽ നിന്ന് 32 ലക്ഷത്തി 34 ആയിരം ഡോളർ (ഏകദേശം 26.75 കോടി രൂപ) അദ്ദേഹം നേടുന്നു.
മുംബൈ | ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിലൂടെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഇന്ത്യക്കാരൻ മാത്രമല്ല, ഏഷ്യക്കാരനും ആയി മാറിയിരിക്കുകയാണ് മുൻ ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഒരു പോസ്റ്റിൽ നിന്ന് 11.45 കോടി രൂപയാണ് അദ്ദേഹം സമ്പാദിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ കൂടുതൽ വരുമാനം നേടുന്ന കളിക്കാരിൽ അദ്ദേഹം മൂന്നാം സ്ഥാനത്താണ്. ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാമത്. ലയണൽ മെസ്സി രണ്ടാമതും.
ഹോപ്പർ എച്ച്ക്യു പുറത്തിറക്കിയ 2023 ലെ ഇൻസ്റ്റാഗ്രാം റിച്ച് ലിസ്റ്റിലാണ് കോഹ്‍ലിയുടെ വരുമാനം വിശദമാക്കുന്നത്. ഇതനുസരിച്ച് 13 ലക്ഷത്തി 84 ആയിരം ഡോളറാണ് (ഏകദേശം 11.45 കോടി രൂപ) വിരാട് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സമ്പാദിക്കുന്നത്. കോഹ്‌ലിക്ക് ഇൻസ്റ്റാഗ്രാമിൽ 256 ദശലക്ഷത്തിലധികം (25.6 കോടി) ഫോളോവേഴ്‌സ് ഉണ്ട്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇത്രയധികം ഫോളോവേഴ്‌സുള്ള ആദ്യ ഏഷ്യക്കാരനാണ് അദ്ദേഹം.
ഇൻസ്റ്റഗ്രാം സമ്പന്നരുടെ മൊത്തം പട്ടികയിൽ വിരാട് കോഹ്‌ലി 14-ാം സ്ഥാനത്താണ്. പോർച്ചുഗലിന്റെ സ്റ്റാർ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത്. ഒരു പോസ്റ്റിൽ നിന്ന് 32 ലക്ഷത്തി 34 ആയിരം ഡോളർ (ഏകദേശം 26.75 കോടി രൂപ) അദ്ദേഹം നേടുന്നു. അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സിയാണ് രണ്ടാം സ്ഥാനത്ത്. 25 ലക്ഷത്തി 97 ആയിരം ഡോളറാണ് (21.49 കോടി) മെസ്സിയുടെ ഒരു പോസ്റ്റിൽ നിന്നുള്ള വരുമാനം. ഒരു പോസ്റ്റിൽ നിന്ന് 25,58,000 ഡോളർ സമ്പാദിക്കുന്ന അമേരിക്കൻ സെലിബ്രിറ്റി സെലീന ഗോമസ് ആണ് മൂന്നാം സ്ഥാനത്ത്.
ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളുടെ പട്ടികയിൽ 14-ാം സ്ഥാനത്താണ് വിരാടിന്റെ സ്ഥാനം. ഈ പട്ടികയിൽ കോഹ്‌ലിക്ക് ശേഷം രണ്ടാമത്തെ ഇന്ത്യക്കാരി നടി പ്രിയങ്ക ചോപ്രയാണ്. 5 ലക്ഷത്തി 32 ആയിരം ഡോളറാണ് ഒരു പോസ്റ്റിൽ നിന്ന് പ്രിയങ്കയുടെ സമ്പാദ്യം.