Connect with us

cyber crime

വെര്‍ച്വല്‍ അറസ്റ്റ്: കൊച്ചിസ്വദേശിയില്‍ നിന്ന് 30 ലക്ഷം തട്ടിയ ഡല്‍ഹി സ്വദേശി പിടിയില്‍

നാലര കോടിയോളം രൂപ പ്രതിയുടെ അക്കൗണ്ടിലുണ്ടായിരുന്നു

Published

|

Last Updated

കൊച്ചി | വെര്‍ച്വല്‍ അറസ്റ്റെന്ന പേരില്‍ കൊച്ചിസ്വദേശിയില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിയ ഡല്‍ഹി സ്വദേശിയെ കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശിയുടെ പരാതിയിലെടുത്ത കേസിലാണ് നടപടി.

സി ബി ഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് ഡല്‍ഹി സ്വദേശി പ്രിന്‍സാണ് വീഡിയോ കോളില്‍ വന്ന് തട്ടിപ്പ് നടത്തിയത്. അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി കഴിഞ്ഞ ഫെബ്രുവരിയില്‍ പണം തട്ടിയെടുത്തു. പിടിയിലായ പ്രിന്‍സ് സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പോലീസ് പറഞ്ഞു. നാലര കോടിയോളം രൂപ പ്രതിയുടെ അക്കൗണ്ടിലുണ്ടായിരുന്നു. മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. പണം നഷ്ടപ്പെട്ടതിനു പിന്നാലെ കൊച്ചി സ്വദേശി പരാതി നല്‍കുകയായിരുന്നു.

സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവ് സമാനമായ തട്ടിപ്പില്‍ നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെട്ടിരുന്നു. സി ബി ഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം സമീപിച്ചതെന്ന് ജെറി അമല്‍ ദേവ് പറഞ്ഞു. 1,70,000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് അയക്കാനും ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങള്‍ സജീവമാണെന്ന് പോലീസ് പറയുന്നു.