From the print
ചൈനയില്‍ വൈറസ് വ്യാപനം; ആശുപത്രികള്‍ നിറഞ്ഞു
കുട്ടികളും വയോധികരുമാണ് രോഗം പിടിപെട്ടവരില്‍ ഭൂരിഭാഗവും. കൊവിഡ് സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോഴാണ് ലോകത്തെ ആശങ്കപ്പെടുത്തി പുതിയ വൈറസ് വ്യാപനം.
ബീജിംഗ് | ശൈത്യകാലത്തെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കൊപ്പം ചൈനയില്‍ എച്ച് എം പി വി (ഹ്യൂമന്‍ മെറ്റാ ന്യൂമോ വൈറസ്) പടരുന്നു. കൊവിഡിന് ശേഷം അതിവേഗം പടര്‍ന്നുപിടിക്കുന്ന എച്ച് എം പി വിയെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. കുട്ടികളും വയോധികരുമാണ് രോഗം പിടിപെട്ടവരില്‍ ഭൂരിഭാഗവും. കൊവിഡ് സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോഴാണ് ലോകത്തെ ആശങ്കപ്പെടുത്തി പുതിയ വൈറസ് വ്യാപനം.
ലോകാരോഗ്യസംഘടന പുറത്തുവിട്ട ബുള്ളറ്റിന്‍ പ്രകാരം ഒക്ടോബര്‍ മുതല്‍ ചൈനയില്‍ ശ്വാസകോശ രോഗങ്ങളില്‍ വര്‍ധനവുണ്ടെന്ന് പറയുന്നു. എന്നാല്‍, എച്ച് എം പി വിയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ചൈനയും ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം, കഴിഞ്ഞ ഡിസംബര്‍ 16നും 22നും ഇടക്കുള്ള ഒരാഴ്ചക്കുള്ളില്‍ രാജ്യത്ത് ശ്വാസകോശ രോഗങ്ങള്‍ ഗണ്യമായി വര്‍ധിച്ചതായി ചൈന നാഷനല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.
കൊവിഡിന് സമാനമായ രീതിയില്‍ പടരുന്ന വൈറസാണ് എച്ച് എം പി വി. ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണിത്. ഇതിന് പ്രത്യേക ചികിത്സയോ വാക്സീനോ ലഭ്യമല്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
ഇന്ത്യയില്‍ ഇല്ല
ചൈനയില്‍ കണ്ടെത്തിയ എച്ച് എം പി വി കേസുകള്‍ ഇതുവരെ ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ ചൈനയില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഇതില്‍ എച്ച് എം പി വി കേസുകളുണ്ടെന്നും വ്യക്തമാക്കിയ ആരോഗ്യ മന്ത്രാലയം, ഇക്കാര്യത്തില്‍ സൂക്ഷ്മമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും വ്യക്തമാക്കി.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും (എന്‍ സി ഡി സി) അറിയിച്ചു.