Uae
യു കെ, യൂറോപ്യൻ യൂനിയൻ ടൂറിസ്റ്റ് വിസയുള്ള ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ
അപേക്ഷകന്റെ വിസക്കും പാസ്‌പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണം.
അബൂദബി | യു കെ, യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലെ ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് യു എ ഇയിൽ വിസ ഓൺ അറൈവൽ ലഭിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) യാണ് കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യു എ ഇയിൽ എത്തുമ്പോൾ വിസ ലഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
യോഗ്യതയുള്ള ഈ ഇന്ത്യൻ യാത്രക്കാർക്ക് 60 ദിവസത്തെക്ക് വരെ വിസ നൽകാമെന്ന് അതോറിറ്റി അറിയിച്ചു. നേരത്തെ യു എസിലേക്ക് താമസ വിസയോ ടൂറിസ്റ്റ് വിസയോ ഉള്ളവർക്കും യുകെയിലെ റെസിഡൻസിയുള്ളവർക്കും മാത്രമേ ഓൺ അറൈവൽ വിസ ലഭ്യമായിരുന്നുള്ളൂ.
ഓൺ അറൈവൽ വിസ ലഭിക്കാൻ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. അപേക്ഷകന്റെ വിസക്കും പാസ്‌പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണം.യു എ ഇയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമാണ് വിസ ഓൺ അറൈവൽ ഓപ്ഷൻ വിപുലീകരിക്കുന്നതെന്ന് ഐ സി പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു.
സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപങ്ങളെയും സംരംഭകരെയും പ്രതിഭകളെയും ആകർഷിക്കുന്നതിനും ആഗോള വിനോദസഞ്ചാര, സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ യു എ ഇയുടെ സ്ഥാനം വർധിപ്പിക്കുന്നതിനുമുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.