Connect with us

Kuwait

അറുപത് കഴിഞ്ഞ വിദേശികളുടെ വിസ പുതുക്കല്‍; ഏര്‍പ്പെടുത്തുന്നത് ഭീമമായ ഫീസും ഇന്‍ഷ്വറന്‍സും

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ 60 വയസിനു മുകളില്‍ പ്രായമായ ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത വിദേശികളുടെ താമസരേഖ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ മാനവ ശേഷി സമിതി ഡയരക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. വാണിജ്യ മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് അനുമതി ലഭിച്ചത്. 60 വയസിനു മുകളില്‍ പ്രായമായ ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത വിദേശികള്‍ക്ക് താമസരേഖ പുതുക്കുന്നതിനു കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ മാനവശേഷി സമിതി ഡയരക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം ഫത്വ ലെജിസ്ലേറ്റീവ് സമിതി ഈ തീരുമാനം നിയമപരമായി ശരിയല്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് വിഷയം വഴിത്തിരിവില്‍ എത്തിയത്. ഇതേ തുടര്‍ന്നാണ് നേരത്തെ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദ് ചെയ്യുന്നതിന് മാനവശേഷി സമിതിയുടെ ഡയരക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് വിളിച്ചു ചേര്‍ത്തത്.

500 ദിനാര്‍ വാര്‍ഷിക ഫീസും സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഫീസും ഏര്‍പ്പെടുത്തി കൊണ്ടായിരിക്കും താമസരേഖ പുതുക്കി നല്‍കുക. അതേസമയം, ഈ വിഭാഗത്തില്‍ പെട്ടവരുടെ ഒരു വര്‍ഷത്തെ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഫീസ് 1200 ദിനാര്‍ ആയി നിര്‍ണയിച്ചു കൊണ്ട് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനി ഫെഡറേഷന്‍ രംഗത്ത് എത്തിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് വിസ പുതുക്കുന്നതിന് 1,700 ദിനാര്‍ ചെലവ് വരും. ഇതോടെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഈ തീരുമാനം വഴി യാതൊരുവിധ പ്രയോജനവും ലഭിക്കില്ലെന്ന് ഉറപ്പായി.