Kerala
വിശാഖപട്ടണം ചാരക്കേസ്; മലയാളി ഉള്‍പ്പെടെ മൂന്നു പേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തു
മലയാളിയായ പി എ അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് പിടികൂടിയത്

ന്യൂഡല്‍ഹി | വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേരെ എന്‍ ഐ എ സംഘം അറസ്റ്റ് ചെയ്തു. മലയാളിയായ പി എ അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് പിടികൂടിയത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയില്‍ നിന്ന് വേദന്‍ ലക്ഷ്മണ്‍ ടന്‍ഡേല്‍, അക്ഷയ് രവി നായിക് എന്നിവരെയും പിടികൂടി.
കേസില്‍ നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നാവികസേനയുടെ സുപ്രധാന വിവരങ്ങള്‍ പാക് ചാരസംഘടനയ്ക്ക് കൈമാറിയെന്നാണ് കേസ്.
പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ ഐ എ അറിയിച്ചു. അറസ്റ്റിലായ മൂന്നുപേരും കാര്‍വാര്‍ നാവിക സേന ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും സുപ്രധാന വിവരങ്ങള്‍ കൈമാറുകയും അതിന് പണം കൈപ്പറ്റുകയും ചെയ്‌തെന്നാണ് എന്‍ ഐ യുടെ കണ്ടെത്തല്‍.