National
പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ വിദ്യാഭ്യാസം വിശാല്‍ ഏറ്റെടുക്കും
വരുമാനത്തിന്റെ നിശ്ചിതഭാഗം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച താരമായിരുന്നു പുനീത്.
ചെന്നൈ| ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന സിനിമാതാരം പുനീത് രാജ്കുമാറിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ കരകയറാന്‍ സിനിമാ മേഖലയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖല. ഇപ്പോള്‍ പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് തമിഴ് നടന്‍ വിശാല്‍. വിശാലിന്റെ പുതിയ ചിത്രമായ ‘എനിമി’യുടെ പ്രീ റിലീസ് പരിപാടിക്കിടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇന്‍ഡസ്ട്രിയുടെ മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ അദ്ദേഹം ഏറ്റെടുത്തിരുന്നു. അതു ഞാന്‍ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുകയാണ്. അദ്ദേഹത്തിന് വേണ്ടി അവരുടെ വിദ്യാഭ്യാസ ചെലവ് ഞാന്‍ ഏറ്റെടുക്കുമെന്നാണ് വിശാല്‍ പറഞ്ഞത്.
വരുമാനത്തിന്റെ നിശ്ചിതഭാഗം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച താരമായിരുന്നു പുനീത്. കൊവിഡ് ആദ്യതരംഗത്തിന്റെ സമയത്ത് കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. വടക്കന്‍ കര്‍ണ്ണാടകയിലെ പ്രളയത്തിന്റെ സമയത്ത് ഇതേ നിധിയിലേക്ക് 5 ലക്ഷവും നല്‍കി. മൈസൂരിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അമ്മയ്‌ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം.