Connect with us

niyamasabha

പോലീസുകാര്‍ക്ക് നരക ജീവിതമെന്ന് വിഷ്ണുനാഥ്;  ആത്മഹത്യക്കു കാരണം സേനയിലെ പ്രശ്‌നങ്ങള്‍ മാത്രമല്ലെന്ന് മുഖ്യമന്ത്രി

പോലീസുകാര്‍ക്ക് എട്ടുമണിക്കൂര്‍ ജോലി എന്നത് വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ല.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിച്ചു വരുന്ന സാഹചര്യം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. നിയമസഭ സമ്മേളനം ആരംഭിച്ച ആറ് ദിവസത്തിനിടെ അഞ്ച് പോലീസുകാര്‍ ജീവനൊടുക്കിയെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു.

പോലീസുകാരുടെത് നരക ജീവിതമെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ പി സി വിഷ്ണുനാഥ് പറഞ്ഞു. 118 ഉദ്യോഗസ്ഥര്‍ വേണ്ട സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് വെറും 44 പോലീസുകാരെ വെച്ചാണെന്നും ചൂണ്ടിക്കാട്ടി.
സേനയില്‍ ഉണ്ടാകുന്ന സംഘര്‍ഷം കൊണ്ട് മാത്രം സംഭവിക്കുന്നതല്ല ആത്മഹത്യയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സേനയിലെ ചില പ്രശ്‌നങ്ങളും മാനസിക സംഘര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.ആത്മഹത്യ വര്‍ധിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസുകാര്‍ക്ക് എട്ടുമണിക്കൂര്‍ ജോലി എന്നത് വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ല. പോലീസുകാരുടെ ഇടയിലെ ആത്മഹത്യ പ്രവണത തടയാന്‍ യോഗ, കൗണ്‍സലിംഗ് ഉള്‍പ്പെടെ നടത്തി വരുന്നു. മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ യോഗ സഹായിക്കും. എട്ടു മണിക്കൂര്‍ ജോലി പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ചില സ്റ്റേഷനുകളില്‍ നടപ്പാക്കുന്നുണ്ടെന്നും അത് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.