Kasargod
വിഷൻ 2030- ഹോൾസെയിൽ മാർക്കറ്റും ഹാപ്പിനസ്പാർക്കും ടൗൺ സ്ക്വയറും നിർമ്മിക്കും; സമഗ്ര വികസനം ലക്ഷ്യമാക്കി നീലേശ്വരം നഗരസഭാ ബഡ്ജറ്റ്
ഈ വർഷം അവസാനത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇലക്ഷൻ നടക്കുന്നതിനാൽ നിലവിലുള്ള ഭരണസമിതിയുടെ അവസാന സമ്പൂർണ്ണ ബജറ്റായിരിക്കും ഇത്.

നീലേശ്വരം| 2025- 26 വർഷത്തേക്കുള്ള ബഡ്ജറ്റ് നീലേശ്വരം നഗരസഭ അവതരിപ്പിച്ചു. 753654557 രൂപ വരവും 709313838 രൂപ ചെലവും 44340719 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2025- 26 വർഷത്തേക്കുള്ള ബജറ്റാണ് അവതരിപ്പിച്ചത്. വികസനത്തിൻ്റെ പുതിയ ചക്രവാളങ്ങൾ തുറക്കുന്ന വിഷൻ 2030 നടപ്പിലാകുന്നതോടെ നീലേശ്വരം നഗരം ജില്ലയിലെ വികസിത നഗരമായി മാറുമെന്ന് വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.
ഈ വർഷം അവസാനത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇലക്ഷൻ നടക്കുന്നതിനാൽ നിലവിലുള്ള ഭരണസമിതിയുടെ അവസാന സമ്പൂർണ്ണ ബജറ്റായിരിക്കും ഇത്. നീലേശ്വരത്തിൻ്റ സമ്പൂർണ്ണ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രസംഗത്തിൽ നഗരസഭയുടെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും നഗരത്തിൻ്റെ മുഖഛായ മാറ്റുന്നതിനുമുള്ള ഒട്ടേറെ പദ്ധതികൾ ജനശ്രദ്ധയാകർഷിക്കുന്നതാണ്.
12 കോടി വകയിരുത്തിയിട്ടുള്ള നീലേശ്വരം ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിൻ്റെ നിർമ്മാണം ഈ ഭരണ സമിതിയുടെ കാലത്ത് തന്നെ പൂർത്തീകരിക്കുമെന്ന് വൈസ് ചെയർമാൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.നഗരമധ്യത്തിൽ നഗരസഭയുടെ 42 സെൻ്റ് സ്ഥലം പ്രയോജനപ്പെടുത്തിക്കൊണ്ട് സ്വകാര്യ പങ്കാളിത്തത്തോടെ ഹോൾസെയിൽ മാർക്കറ്റും കച്ചേരിക്കടവിൽ നഗരസഭയുടെ 96 സെൻ്റ് സ്ഥലത്ത് ഹാപ്പിനസ് പാർക്കും പഴയ നഗരസഭാ ഓഫീസിൻ്റെ സ്ഥലവും സമീപത്തുള്ള സ്ഥലവും ഏറ്റെടുത്ത് ടൗൺ സ്ക്വയറും റഫറൻസ് ലൈബ്രറിയും സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.
പേരോലിൽ ടൗൺ ഹാൾ, ചെറപ്പുറം ആലിൻകീൽ ജംഗ്ഷനിൽ നഗരസഭയുടെ സ്ഥലത്ത് ഓപ്പൺ ഓഡിറ്റോറിയം, നഗരഹൃദയത്തിൽ നിലവിൽ കൃഷി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ്, കാര്യങ്കോട് പൂഴിക്കടവിൽ നഗരസഭാ പരിധിയിലുള്ള പുറമ്പോക്ക് ഭൂമി ഉപയോഗപ്പെടുത്തി ബോട്ടു റാമ്പും വിനോദ സഞ്ചാര കേന്ദ്രവും പേരോൽ വില്ലേജ് ഓഫീസിനു സമീപമുള്ള റവന്യൂ സ്ഥലം ഉപയോഗപ്പെടുത്തി വയോജന വിനോദ കേന്ദ്രവും പകൽ വീടും മാർക്കറ്റ് ജംഗ്ഷനിൽ ആധുനിക മത്സ്യ മാർക്കറ്റും അനുബന്ധമായി പബ്ലിക് ടോയിലറ്റും ,15 കോടി വകയിരുത്തിക്കൊണ്ട് ദ്രവമാലിന്യ ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, കോൺവെൻ്റ് ജംഗ്ഷനിൽ ഇ എം എസ്സ് സ്ക്വയർ, സംസ്ഥാന ബജറ്റിൽ 2.5 കോടി അനുവദിച്ച അഴിത്തല ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം , ഉപ്പുവെള്ളം കയറി കൃഷിയും കുടിവെള്ളവും നശിക്കുന്നത് തടയാനുള്ള വൻ പദ്ധതിക്ക് DPR തയ്യാറാക്കൽ തുടങ്ങി പശ്ചാത്തല സൗകര്യ വികസനത്തിനായി ഗതാഗത സൗകര്യങ്ങളുടെ നിർമ്മാണമുൾപ്പെടെ നീലേശ്വരത്തിൻ്റെ ശാശ്വത വികസനം സാധ്യമാക്കുന്ന ആകർഷകങ്ങളായ ഒട്ടനവധി പദ്ധതികളാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്.
ഒന്നാം ഇ എം എസ് മന്ത്രിസഭയുടെ കാലം തൊട്ട് നീലേശ്വരം ജനതയുടെ സ്വപ്നമായിരുന്ന പാലായി ഷട്ടർ കം ബ്രിഡ്ജ് യാഥാർത്ഥ്യമായതോടെ ജല വിതരണ മേഖലയിലും ജല ടൂറിസം രംഗത്തും അനന്ത സാധ്യതകളാണുള്ളത്. പാലായി ഷട്ടർ കം ബ്രിഡ്ജിൻ്റെ റിസർവോയറിൽ സംഭരിക്കുന്ന ജലം ഉപയോഗപ്പെടുത്തി വൻകിട കുടിവെള്ള പദ്ധതിക്ക് വേണ്ടി സംസ്ഥാന സർക്കാർ 100 കോടി രൂപയുടെ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളതാണ്.
കാർഷിക മേഖലയുടെയും മൃഗസംരംക്ഷണ മേഖലയുടെയും വികസനം ലക്ഷ്യമാക്കികൊണ്ട് ഒരു കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. റോഡുകളുടെ റീടാറിംഗും പുതിയ റോഡുകൾ ഡ്രൈയിനേജുകൾ എന്നിവയുടെ നിർമ്മാണത്തിനുമായി 6.5 കോടി രൂപയും സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഫർണിച്ചറുകൾ വാങ്ങുന്നതിനുമായി 50 ലക്ഷം രൂപയും കായിക മേഖലയുടെ വികസനത്തിനായി 59 ലക്ഷം രൂപയും ആരോഗ്യമേഖലയ്ക്ക് 2.15 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.വയോജനങ്ങളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനും സാന്ത്വനത്തിനുമായി 1.27 കോടി രൂപയും ബഡ്ജറ്റ് പ്രഖ്യാപനത്തിലുണ്ട്.
നീലേശ്വരം നഗരസഭയെ സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭയായും അർഹരായ മുഴുവൻ പേർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്ന സമ്പൂർണ്ണ നഗരസഭയായും ഈ വർഷം തന്നെ പ്രഖ്യാപിക്കാൻ സാധിക്കുമെന്ന് വൈസ് ചെയർമാൻ വ്യക്തമാക്കി.