Kerala
വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദര്‍ശനം; പരുക്കേറ്റ മത്സ്യത്തൊഴിലാളികളേയും പോലീസുകാരേയും കാണും
മുല്ലൂരിലെ സമരപ്പന്തലുകളും സന്ദര്‍ശിക്കും
തിരുവനന്തപുരം | വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാനുള്ള സമവായ ചര്‍ച്ചകള്‍ തുടരവെ വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദര്‍ശനം. വിഴിഞ്ഞത്ത് സമാധാനം പുന:സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇന്ന് ഉച്ചക്ക് വിഴിഞ്ഞം സന്ദര്‍ശിക്കുന്നത്. ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തില്‍ ഉള്ളത്.
സംഘര്‍ഷത്തില്‍ പരുക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പോലീസുകരെയും സംഘം സന്ദര്‍ശിക്കും. മുല്ലൂരിലെ സമരപ്പന്തലുകളും സന്ദര്‍ശിക്കും.സമവായ ചര്‍ച്ചകളുടെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് ലത്തീന്‍ അതിരൂപതാ നേതൃത്വവുമായി ചര്‍ച്ച നടത്തിയേക്കും.