Connect with us

Ongoing News

അബുദബി ശൈഖ് സായിദ് ഫെസ്റ്റിവല്‍ നഗരിയിലേക്ക് സന്ദര്‍ശകപ്രവാഹം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വ്യത്യസ്തങ്ങളായ ശില്പശാലകളും കലാ അവതാരങ്ങളും സായിദ് ഫെസ്റ്റില്‍ എല്ലാ ദിവസവും കാണാനാകും.

Published

|

Last Updated

അബുദാബി | യു എ ഇയുടെ പൈതൃകവും പാരമ്പര്യവും ഒരുപോലെ സമന്വയിക്കുന്ന അബുദബി ശൈഖ് സായിദ് ഫെസ്റ്റിവല്‍ നഗരിയിലേക്ക് സന്ദര്‍ശകപ്രവാഹം. സംസ്‌കൃതിയെ വിനോദത്തിലൂടെ ആളുകളിലേക്ക് പകരുകയെന്ന ലക്ഷ്യത്തോടെ 2022 ഏപ്രില്‍ ഒന്നുവരെയാണ് അല്‍ വത്ബയിലെ സ്ഥിരം വേദിയില്‍ ആഘോഷക്കാഴ്ചകള്‍ തുടരുക. യു എ ഇയുടെ പൈതൃകക്കാഴ്ചകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കിക്കൊണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച മേളയിന്ന് ആഗോള പ്രദര്‍ശനവേദിയായി മാറിക്കഴിഞ്ഞു.

ഇന്ത്യയടക്കം 26 ഓളം രാജ്യങ്ങളുടെ പവലിയനുകളില്‍ തനത് കലാ സാംസ്‌കാരിക പരിപാടികളും പൈതൃക ചന്തകളും സജീവമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാപ്രവര്‍ത്തകര്‍ അണിനിരക്കുന്ന പരിപാടികള്‍ ഫെസ്റ്റിലെ വൈകുന്നേരക്കാഴ്ചകളാണ്. വര്‍ണ്ണവെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ മുഴങ്ങുന്ന സംഗീതം ആഘോഷങ്ങള്‍ക്ക് മാറ്റേകുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങളുടെ നിര്‍മ്മാണം അടുത്തുനിന്ന് കാണാനും രുചിച്ചുനോക്കാനും ഇവിടെ അവസരമുണ്ട്.

അപൂര്‍വങ്ങളായ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണവും പരമ്പരാഗത രീതിയിലുള്ള ഉപയോഗവുമെല്ലാം അടുത്തറിയാനായി എത്തുന്നവരില്‍ എല്ലാ പ്രായക്കാരും ഉള്‍പ്പെടും. പൗരാണിക യു എ ഇയുടെ ജീവിതരീതികളും നായാട്ടുരീതികളുമെല്ലാം ഇവിടെയെത്തുന്നവര്‍ക്കു മുമ്പില്‍ വിശദീകരിക്കപ്പെടുന്നു. അറേബ്യന്‍ സലൂക്കിക്കും ലക്ഷങ്ങള്‍ വിലമതിക്കുന്ന വേട്ടപ്പരുന്തിനുമൊപ്പം നിന്ന് ഫോട്ടോകളെടുക്കാനും തൊട്ടുനോക്കാനുമെല്ലാം നിരവധിപ്പേരാണ് എത്തുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വ്യത്യസ്തങ്ങളായ ശില്പശാലകളും കലാ അവതാരങ്ങളും സായിദ് ഫെസ്റ്റില്‍ എല്ലാ ദിവസവും കാണാനാകും. കോവിഡിനു ശേഷം രസകരമായ മുഹൂര്‍ത്തങ്ങള്‍ ആസ്വദിക്കാന്‍ എല്ലാ നാടുകളില്‍ നിന്നുള്ള സന്ദര്‍ശകരും ഇവിടേക്കെത്തുന്നുണ്ട്. രാത്രി പത്തിന് നടക്കുന്ന വര്‍ണ്ണാഭമായ വെടിക്കെട്ടും ആകാശത്ത് ഡ്രോണുകളുടെ ചിത്രം വരയുമെല്ലാം ഇവിടുത്തെ പ്രത്യേകതയാണ്.

വൈകിട്ട് നാലു മുതല്‍ രാത്രി 12 വരെയാണ് പ്രദര്‍ശനം. വാരാന്ത്യങ്ങളിലും ദേശീയ അവധി ദിനങ്ങളിലും പുലര്‍ച്ചെ ഒരു മണിവരെ ആഘോഷങ്ങള്‍ നീളും. അഞ്ച് ദിര്‍ഹത്തിന്റെ പ്രവേശന ടിക്കറ്റെടുത്ത് പ്രദര്‍ശനങ്ങള്‍ ആസ്വദിക്കാം. മൂന്ന് വയസിന് താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. പൈതൃകോല്‍സവത്തിന് പോകുന്നതിന് അബുദബി സിറ്റി ബസ്റ്റാന്റില്‍ നിന്നും സൗജന്യ ബസ് സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് മൂന്നിന് ബസ് സ്റ്റാന്‍ഡില്‍ നിന്നും നഗരിയിലേക്ക് പുറപ്പെടും.

Latest