Connect with us

Kerala

വിസ്മയ കേസ്; പ്രതി കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ചു

പോലീസ് റിപ്പോര്‍ട്ട് തള്ളിയാണ് ജയില്‍ വകുപ്പ് കിരണിന് പരോള്‍ അനുവദിച്ചത്.

Published

|

Last Updated

കൊല്ലം| നിലമേല്‍ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ചു. പോലീസ് റിപ്പോര്‍ട്ട് തള്ളിയാണ് ജയില്‍ വകുപ്പ് കിരണിന് പരോള്‍ അനുവദിച്ചത്. ആദ്യം നല്‍കിയ അപേക്ഷയില്‍ പോലീസ് റിപ്പോര്‍ട്ടും പ്രൊബേഷന്‍ റിപ്പോര്‍ട്ടും പ്രതിയ്ക്ക് എതിരായിരുന്നു. എന്നാല്‍ രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായും പോലീസ് റിപ്പോര്‍ട്ട് പ്രതികൂലമായും വന്നു. പിന്നീട് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു.

2019 മെയ് 31നായിരുന്നു ബി എ എം എസ് വിദ്യാര്‍ഥിനി വിസ്മയയും കിരണും തമ്മിലുള്ള വിവാഹംനടന്നത്. 2021 ജൂണ്‍ 21ന് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂണ്‍ 22ന് കുടുംബം രംഗത്ത് വന്നു. ജൂണ്‍ 22ന് തന്നെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റിലായി. അന്ന് തന്നെ കിരണിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിലെ ഓഫീസറായിരുന്ന കിരണ്‍.

ജൂണ്‍ 25ന് വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബര്‍ പത്തിന് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2022 ജനുവരി പത്തിന് കേസില്‍ വിചാരണ ആരംഭിച്ചു. 2022 മാര്‍ച്ച് 2ന് കിരണ്‍ കുമാറിന് സുപ്രിംകോടതി ജാമ്യം നല്‍കി. വിസ്മയ മരിച്ച് പതിനൊന്ന് മാസവും രണ്ട് ദിവസവും പൂര്‍ത്തിയായ ശേഷം കിരണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു

കിരണ്‍ ഭാര്യയെ സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പത്ത് വര്‍ഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.