Kerala
വിസ്മയ കേസ്: പ്രതിക്ക് പരോള്‍ അനുവദിച്ചതിനെതിരെ വിമര്‍ശനവുമായി പിതാവ്
ജയിലിനുള്ളില്‍ പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം.
കൊല്ലം| സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ചതിനെതിരെ വിമര്‍ശനവുമായി പിതാവ് ത്രിവിക്രമന്‍. പ്രതിക്ക് പരോള്‍ അനുവദിച്ച നടപടി പോലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമാണെന്ന് ത്രിവിക്രമന്‍ പറഞ്ഞു. ജയിലിനുള്ളില്‍ പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്നും ത്രിവിക്രമന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. പോലീസ് റിപ്പോര്‍ട്ട് തള്ളിയാണ് ജയില്‍ വകുപ്പ് കിരണിന് പരോള്‍ അനുവദിച്ചത്. ആദ്യം നല്‍കിയ അപേക്ഷയില്‍ പോലീസ് റിപ്പോര്‍ട്ടും പ്രൊബേഷന്‍ റിപ്പോര്‍ട്ടും പ്രതിയ്ക്ക് എതിരായിരുന്നു. എന്നാല്‍ രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായും പോലീസ് റിപ്പോര്‍ട്ട് പ്രതികൂലമായും വന്നു. പിന്നീട് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു.
2019 മെയ് 31നായിരുന്നു ബി എ എം എസ് വിദ്യാര്‍ഥിനി വിസ്മയയും കിരണും തമ്മിലുള്ള വിവാഹംനടന്നത്. 2021 ജൂണ്‍ 21ന് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു.