Connect with us

Editorial

വിശ്വനാഥനും മധുവും സമൂഹത്തോട് പറയുന്നത്

മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ജനമധ്യത്തില്‍ വിശ്വനാഥനെ ചോദ്യം ചെയ്യുകയും വിചാരണ നടത്തുകയും ചെയ്തതായി മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച പോലീസ് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ആദിവാസി ആണെന്നറിഞ്ഞപ്പോള്‍ ബോധപൂര്‍വം ചോദ്യം ചെയ്യുകയായിരുന്നു. ഇതാണ് ആത്മഹത്യയിലേക്കെത്തിച്ച സാഹചര്യം.

Published

|

Last Updated

പാലക്കാട് അട്ടപ്പാടിയിലെ മധുവിന്റെ മരണത്തെ ഓര്‍മിപ്പിക്കുന്നതാണ് കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം. മരണം കൊലപാതകമെന്ന് ബന്ധുക്കള്‍ ആരോപിക്കുമ്പോള്‍ ആത്മഹത്യയാണെന്നാണ് പോലീസ് ഭാഷ്യം. ആത്മഹത്യയെങ്കില്‍ തന്നെ ജനമധ്യത്തില്‍ അപമാനിക്കപ്പെട്ടതിന്റെ മനോവിഷമത്തിലാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ജനമധ്യത്തില്‍ വിശ്വനാഥനെ ചോദ്യം ചെയ്യുകയും വിചാരണ നടത്തുകയും ചെയ്തതായി മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച പോലീസ് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ആദിവാസി ആണെന്നറിഞ്ഞപ്പോള്‍ ബോധപൂര്‍വം ചോദ്യം ചെയ്യുകയായിരുന്നു. ഇതാണ് ആത്മഹത്യയിലേക്കെത്തിച്ച സാഹചര്യം. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് റിപോര്‍ട്ട് തയ്യാറാക്കിയത്. പതിനൊന്നാം തീയതി അര്‍ധരാത്രി ഏതാനും പേര്‍ ചേര്‍ന്ന് വിശ്വനാഥന്റെ സഞ്ചിയും തുറന്നുപിടിച്ച ചോറ്റുപാത്രവും പരിശോധിക്കുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.

പ്രസവത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഭാര്യയുടെ കൂട്ടിരിപ്പിനായി വന്നതായിരുന്നു വനവാസിയായ വിശ്വനാഥന്‍. അതിനിടെ മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരില്‍ ആരുടെയോ മൊബൈല്‍ ഫോണും പണവും കാണാതായി. വിശ്വനാഥനാണ് ഫോണെടുത്തതെന്ന ധാരണയിലാണ് ചിലര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആള്‍ക്കൂട്ട വിചാരണ നടത്തിയത്. പക്ഷേ ഒന്നും കണ്ടെത്താനായില്ല. ഫെബ്രുവരി എട്ടിനാണ് സംഭവം. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് മെഡിക്കല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ച നിലയിലാണ് വിശ്വനാഥനെ കണ്ടെത്തിയത്.

മോഷണക്കുറ്റ ആരോപണം തന്നെയായിരുന്നു അഞ്ച് വര്‍ഷം മുമ്പ് അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവിന്റെ മരണത്തിനും വഴിയൊരുക്കിയത്. ചിണ്ടക്കി ആദിവാസി ഊരിലെ കുറുമ്പ സമുദായക്കാരനായിരുന്നു മധു. മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് അകന്ന് കാട്ടിലെ ഗുഹയില്‍ കഴിഞ്ഞിരുന്ന ഇരുപത്തിയേഴുകാരന്‍. മുക്കാലിയിലെ കടകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ മധുവിന്റെ ഉടുമുണ്ട് അഴിച്ച്, അതുകൊണ്ട് കൈകള്‍ ചേര്‍ത്തുകെട്ടി ചിണ്ടക്കിയൂരില്‍ നിന്ന് മുക്കാലിയിലേക്ക് കള്ളനെന്ന് വിളിച്ചാര്‍ത്ത് നടത്തിക്കുകയും മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തിന്റെ കാഠിന്യത്താല്‍ മധു ഛര്‍ദിക്കുകയും താമസിയാതെ മരണപ്പെടുകയുമായിരുന്നു. അടിമുടി നിസ്സഹായനായ ഒരു മനുഷ്യനു മേല്‍ ചിലര്‍ കാണിച്ച മെയ്കരുത്തിന്റെ ദാരുണഫലം.

ആദിവാസികളോടുള്ള സമൂഹ സമീപനമാണ് പ്രശ്‌നം. രൂപവും വേഷവും നോക്കിയാണ് പൊതുസമൂഹം ആളുകളെ വിലയിരുത്തുന്നത്. പൊതുസമൂഹവുമായി ഇണങ്ങിച്ചേരാത്ത, അനാകര്‍ഷണീയമായ വേഷം ധരിക്കുന്ന ആദിവാസികള്‍ ഒന്നിനും കൊള്ളാത്തവരും മാറ്റിനിര്‍ത്തേണ്ടവരും തരം കിട്ടിയാല്‍ മോഷ്ടിക്കുന്നവരുമാണെന്ന ഒരു ധാരണ സമൂഹത്തില്‍ എങ്ങനെയോ കടന്നുകൂടിയിട്ടുണ്ട്. കാട്ടുജാതിക്കാര്‍, സംസ്‌കാരമില്ലാത്തവര്‍, അപരിഷ്‌കൃതര്‍ എന്നിങ്ങനെയാണ് പലരും ആദിവാസികളെ വിശേഷിപ്പിക്കാറുള്ളത്.

വാഴക്കൃഷി ചെയ്ത് അഭിമാനത്തോടെ ജീവിക്കുന്ന വ്യക്തിയായിരുന്നു വിശ്വനാഥന്‍. ആശുപത്രിയില്‍ വരുമ്പോള്‍ വിശ്വനാഥന്റെ കൈയില്‍ അത്യാവശ്യത്തിന് പണമുണ്ടായിരുന്നുവെന്നും ഭാര്യ പറയുന്നു. എന്നിട്ടും ആദിവാസിയായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് ആളുകള്‍ അവനെ മോഷ്ടാവെന്ന് മുദ്രകുത്തി. എന്നാല്‍ അഭിമാനബോധം മാനുഷികമാണ്. മറ്റുള്ളവര്‍ക്കെന്ന പോലെ അത് ആദിവാസികള്‍ക്കുമുണ്ട്. അതുകൊണ്ടാണ് വിശ്വനാഥന്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്; ആത്മഹത്യ ഒന്നിനും പരിഹാരമല്ലെങ്കിലും.

ആദിവാസികളോടുള്ള ഭരണകൂടത്തിന്റെ സമീപനവും ശരിയല്ല. ആദിവാസി മേഖലകളിലെ ശിശുമരണ നിരക്കിന്റെയും പോഷകാഹാര കുറവ് മൂലമുള്ള പട്ടിണി മരണങ്ങളുടെയും പെരുപ്പവും ആദിവാസികള്‍ക്ക് നേരേയുള്ള അതിക്രമങ്ങളുടെ വര്‍ധനവും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആദിവാസി മേഖലക്കായി സര്‍ക്കാര്‍ നടപ്പാക്കിയ ഭൂരിപക്ഷം ക്ഷേമപ്രവര്‍ത്തനങ്ങളും ഗുണകരമായി ഭവിച്ചിട്ടില്ല. അവര്‍ക്കായി ബജറ്റില്‍ നീക്കിവെക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗവും ഇടക്ക് ചോര്‍ന്നു പോകുകയാണ്. പ്രതികരിക്കാനും അതിജീവിക്കാനും കഴിവില്ലാത്തതിനാല്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഇത് ചര്‍ച്ചയാകാറുമില്ല.

ആദിവാസികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ നടപടിയെടുക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഉഴപ്പന്‍ സമീപനമാണ് മിക്കപ്പോഴും കാണപ്പെടാറുള്ളത്. ഇരകളായ ആദിവാസികള്‍ക്ക് നീതി കിട്ടുക വല്ലപ്പോഴുമാണ്. അട്ടപ്പാടിയില്‍ മര്‍ദനത്തിനിരയായി മരിച്ച മധുവിന്റെ കുടുംബത്തിന് ഇതുവരെ നീതി കിട്ടിയിട്ടില്ല. എസ് എം എസ് എന്ന പേരിലൊരു മൊബൈല്‍ സ്‌ക്വാഡ് ആദിവാസികള്‍ക്കായി വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്പെഷ്യല്‍ കോടതിയുമുണ്ട്. എസ് എം എസില്‍ പോകേണ്ട കേസുകള്‍ 24 മണിക്കൂറിനുള്ളില്‍ എഫ് ഐ ആര്‍ രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പാലിക്കപ്പെടാറില്ല.

ആദിവാസികളോടുള്ള സമൂഹത്തിന്റെ ധാരണയില്‍ കാതലായ മാറ്റം വരേണ്ടതുണ്ട്. സംസ്‌കാരശൂന്യരല്ല ആദിവാസികള്‍ പൊതുവേ. അവരുടെ സംസ്‌കാര സമ്പന്നത മുഖ്യധാരാ സമൂഹത്തേക്കാള്‍ വലുതാണ് പല വിഷയങ്ങളിലും. നാട്ടില്‍ ജീവിക്കുന്നവര്‍ തരം കിട്ടിയാല്‍ കാട്ടിലെ വിഭവങ്ങള്‍ കൊള്ളയടിക്കുമ്പോള്‍, ആദിവാസികള്‍ കാടിനെ സംരക്ഷിക്കുന്നവരാണ്. പ്രകൃതിയെയോ മറ്റു മനുഷ്യരെയോ കൊള്ളയടിക്കുന്നുമില്ല. വേഷമോ ജാതിയോ നോക്കിയല്ല ആളുകളെ വിലയിരുത്തേണ്ടത്. ജീവിത രീതിയും ധര്‍മികനിഷ്ഠകളും നോക്കിവേണം.

അന്യവത്കരിക്കപ്പെട്ടവരെന്ന തോന്നലുണ്ടാക്കാതെ അവരെ ചേര്‍ത്തു പിടിക്കാനുള്ള മനസ്സ് കാണിക്കണം ഭരണകൂടം. ആദിവാസികളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും കേള്‍ക്കുകയും അവരുടെ അഭിപ്രായങ്ങള്‍ കൂടി മുഖവിലക്കെടുത്ത് കൊണ്ടുള്ള വികസന കാഴ്ചപ്പാടും മുന്‍ഗണനകളും പ്രായോഗിക തന്ത്രങ്ങളും ആവിഷ്‌കരിക്കുകയും അവരുടെ പങ്കാളിത്തത്തോടെ അത് നടപ്പാക്കുകയും ചെയ്താല്‍ അരുവത്കരിക്കപ്പെട്ടവര്‍ എന്ന ധാരണ തിരുത്താന്‍ സഹായകമാകും.