Editors Pick
ശ്വാസകോശ ആരോഗ്യത്തിന് വൈറ്റമിനുകൾ പ്രധാനം
വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഡി 3, വൈറ്റമിൻ ഇ തുടങ്ങിയവ ശ്വാസ കോശത്തിന് ആരോഗ്യം പകരുന്ന വൈറ്റമിനുകളാണ്.
മനുഷ്യ ജീവൻ നിലനിറുത്തുന്നതിനൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് ശ്വാസകോശം. ശ്വാസകോശത്തിന് സംഭവിക്കുന്ന രോഗങ്ങൾ മറ്റേത് അവയവത്തെ ബാധിക്കുന്ന രോഗങ്ങളേക്കാളും അപകട സാധ്യത കൂടിയതാണ്. കൊവിഡ് കാലത്ത് നിരവധി മനുഷ്യരുടെ മരണത്തിന് കാരണമായത് ശ്വാസകോശ അണുബാധയാണെന്ന് നമുക്കറിയാമല്ലോ. അതിനാൽ ശ്വാസകോശത്തിന്റെ ആരോഗ്യം ശരിയായി നിലനിറുത്തുക എന്നത് പരമപ്രധാനമാണ്.
ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് വിഘാതം നിൽക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഇതിലെ പ്രധാന വില്ലനാണ് അലർജിമൂലം ഉണ്ടാവുന്ന കഫക്കെട്ടും ചുമയും. ഇത് ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെ ആകെ മൊത്തം താറുമാറാക്കും. പനിയുടെ ഫലമായി ഉണ്ടാവുന്ന ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾ പലപ്പോഴും ഹൃദയാഘാതത്തിന് വരെ കാരണമാകാറുണ്ടെന്ന് വിദഗ്ധർ പറയുന്നു.
ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് വൈറ്റമിനുകൾക്ക് വലിയ പങ്കുണ്ട്. വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഡി 3, വൈറ്റമിൻ ഇ തുടങ്ങിയവ ശ്വാസ കോശത്തിന് ആരോഗ്യം പകരുന്ന വൈറ്റമിനുകളാണ്.
വൈറ്റമിൻ എ ശരീരത്തിന് വളരെ ആവശ്യമാണ്. ശ്വാസകോശത്തിനു പുറമെ കണ്ണിന്റെ ആരോഗ്യത്തിനും ഇത് പ്രധാനപ്പെട്ടതാണ്. രണ്ട് തരം വൈറ്റമിൻ എ ഉണ്ട്. ഒന്ന് വിറ്റാമിൻ എ (റെറ്റിനോൾ) ആണ്, ഇത് അടിസ്ഥാനപരമായി മൃഗങ്ങളുടെ ഉൽപന്നങ്ങളിലും പോഷകഗുണമുള്ള ഭക്ഷണങ്ങളിലും വിറ്റാമിൻ സപ്ലിമെന്റുകളിലും കാണപ്പെടുന്നു. മറ്റൊന്ന് പ്രോ വിറ്റാമിൻ എ (കരോട്ടിനോയ്ഡുകൾ) ആണ്, അതായത് ലൈക്കോപീൻ, ലുറ്റീൻ, സിയാക്സാന്റിൻ എന്നിവ സസ്യ ഉത്പന്നങ്ങളിൽ നിന്നാണ് ഇത് ഉരുത്തിരിയുന്നത്.
സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ തുടങ്ങിയവയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശത്തിൽ നിന്നാണ് വൈറ്റമിൻ ഡി 3 ലഭിക്കുന്നത്. ടാബ്‍ലറ്റ് ഫോമുകളിലും വൈറ്റമിൻ ഡി 3 ലഭ്യമാണ്.
വൈറ്റമിൻ ഇ പച്ചിലക്കറികളിൽ സുലഭമാണ്. ഫ്രൂട്ട്‌സിലും പച്ചക്കറികളിലും ഇത് ധാരാളമായി അടങ്ങിയിരിക്കുന്നു. മുട്ട, ക്യാരറ്റ് , തക്കാളി, ചിക്കൻ ലിവർ, ബീഫ് ലിഫർ, ബ്രോക്കോളി തുടങ്ങിയവയിലും ഈ വൈറ്റമിൻ അടങ്ങിയിട്ടുണ്ട്.
ഒമേഖ 3 ഫാറ്റി ആസിഡും ശ്വാസകോശ ആരോഗ്യത്തിന് നല്ലതാണ്. നല്ല രക്ത ഓട്ടമുണ്ടാവാനും രക്ത ധമനികളുടെ ഇലാസ്റ്റിസിറ്റി കൂട്ടി അത് വഴി ശ്വാസകോശത്തിനു നന്നായി പ്രവർത്തിക്കാനും ഇത് സഹായിക്കും. ചെറുമീനുകളായ മത്തിയിലും അയലയിലും ഒമേഖ 3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്നു.
എന്നാൽ വൈറ്റമിൻ ഭക്ഷണങ്ങൾ കഴിക്കുന്നത് ചിലരിൽ അലർജിയ്ക്ക് കാരണമാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ കണ്ടെത്തി ചികിത്സിക്കുക എന്നത് വളരെ പ്രധാനമാണ്. അലർജിയെ പൂർണമായി മാറ്റാൻ ഇമ്മ്യൂണോതെറാപ്പി ചിക്തിസ ഇന്ന് നിലവിലുണ്ട്. രക്തത്തിൽ IGE ലെവൽ കൂടുതൽ ആണെങ്കിൽ അലർജി ഉണ്ടെന്ന് മനസ്സിലാക്കാം. അതിന്റെ ശരിയായ കാരണം കണ്ടെത്തി ചിത്സിക്കുക എന്നതും പ്രധാനമാണ്.
അലർജിയുള്ളവർ വർഷാ വർഷം ഇൻഫ്‌ളൂയെൻസ വാക്‌സിൻ എടുക്കുന്നത് പെട്ടന്ന് ന്യൂമോണിയ പിടിപ്പെടുന്നത് തടയാനും സഹായിക്കും.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ബിബിൻ ജോസ്
പുൽമോ മെഡിക്കൽ സെന്റർ, പാല