Techno
വിവോ വി50 വരുന്നു; 17ന് ലോഞ്ചിങ്
വില വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.

വിവോയുടെ ഏറ്റവും പുതിയ സ്‌മാർട്ട് ഫോൺ വി50 ഇന്ത്യയിൽ എത്തുന്നു. 2024 നവംബറിൽ ചൈനയിൽ അരങ്ങേറ്റം കുറിച്ച വിവോ എസ് 20 യുടെ റീബ്രാൻഡഡ് പതിപ്പാണ് വി50 എന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെ ഫോണിന്റെ ലോഞ്ചിങ് തീയതി കമ്പനി പുറത്തുവിട്ടു.
ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 12ന് ഫോൺ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിവോ ഇന്ത്യ ഇ-സ്റ്റോറിനൊപ്പം ഫ്ലിപ്കാർട്ടും ആമസോണും ഫോൺ ഓൺലൈനായി വിൽക്കും. റോസ് റെഡ്, സ്റ്റാറി ബ്ലൂ, ടൈറ്റാനിയം ഗ്രേ കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നതെന്ന് ടീസറുകൾ സ്ഥിരീകരിച്ചു.
സർക്കിൾ ടു സെർച്ച്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, ലൈവ് കോൾ ട്രാൻസ്ലേഷൻ എന്നീ എഐ ഫീച്ചറുകൾക്ക് പുറമേ എഐ പിന്തുണയുള്ള ഫോട്ടോ ഇമേജിംഗ്, എറേസ് 2.0, ലൈറ്റ് പോർട്രെയിറ്റ് 2.0 എഡിറ്റിംഗ് ഫീച്ചറുകളും വിവോ വി50-ൽ ഉണ്ടാകും.
ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയും 6,000 എംഎഎച്ച് ബാറ്ററിയും ഉൾപ്പെടുന്നതാകും ഫോൺ. 90W വയർഡ് ഫാസ്റ്റ് ചാർജിങ്ങും ഉണ്ടാകും. 7.39 എംഎം കനമാണ് ഫോണിനുണ്ടാകുക. 6,000 എംഎഎച്ച് ബാറ്ററിയുള്ള ഈ സെഗ്‌മെന്റിലെ ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്ക് IP68, IP69 റേറ്റിങ്ങാണ്.
ഇരട്ട പിൻ ക്യാമറ യൂണിറ്റാകും ഫോണിൽ സജ്ജീകരിക്കുക. OIS പിന്തുണയുള്ള 50 മെഗാപിക്സൽ പ്രധാന സെൻസറും ഓറ ലൈറ്റ് ഫീച്ചറിനൊപ്പം 50 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും ഇതിൽ ഉൾപ്പെടും.മറുവശത്ത്, മുൻ ക്യാമറ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ സെൻസറായിരിക്കും.
ആൻഡ്രോയിഡ് 15-അധിഷ്ഠിത FuntouchOS 15-നൊപ്പം സ്‌നാപ്ഡ്രാഗൺ 7 Gen 3 SoC ആയിരിക്കും ഹാൻഡ്‌സെറ്റിന് കരുത്ത് പകരുക. 12GB + 512GB റാമിലും സ്റ്റോറേജ് കോൺഫിഗറേഷനും ഫോണിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വില വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.