Connect with us

Kerala

വിഴിഞ്ഞം: അര്‍ഹരായ എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കും: മന്ത്രി ദേവര്‍കോവില്‍

കട്ടമരതൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്ന ചടങ്ങുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നടത്തിയ പ്രതിഷേധം ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ട്‌പ്പെട്ട കട്ടമരതൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്ന ചടങ്ങുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നടത്തിയ പ്രതിഷേധം ദൗര്‍ഭാഗ്യകരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

2015 ഒക്ടോബര്‍ മാസം കട്ട് ഓഫ് തീയതിയായി കണക്കാക്കി തൊഴില്‍ നഷ്ട്‌പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇത് പ്രകാരം ലഭിച്ച അപേക്ഷകളും അപ്പീലുകളും വിവിധ തലങ്ങളില്‍ പരിശോധിച്ചാണ് ആര്‍.ഡി.ഓയുടെ നേതൃത്വത്തിലുള്ള ലൈവ്‌ലിഹുഡ് ഇംപാക്ട് അസെസ്‌മെന്റ് കമ്മിറ്റി ഗുണഭോക്താക്കാളെ തെരഞ്ഞെടുത്തത്. വിഴിഞ്ഞം നോര്‍ത്തില്‍ ഭാഗികമായി തൊഴില്‍ നഷ്ടപ്പെടുമെന്ന് കണ്ടെത്തിയ 126 പേര്‍ക്ക് 2 ലക്ഷം രൂപ വീതം 2016 ല്‍ വിതരണം ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇതിന് ശേഷവും ഈ പ്രദേശത്തെ ചിപ്പി, കരമടി തൊഴിലാളികള്‍ നഷ്ടപരിഹാരം തേടി അപേക്ഷ നല്‍കുകയും കളക്ടറുടെ നേതൃത്വത്തിലുള്ള എല്‍.ഐ.എ.സി അപ്പീല്‍ കമ്മിറ്റി പരിശേധിക്കുകയും ഇവര്‍ യോഗ്യരല്ലെന്ന് കണ്ടെത്തുകയും ചെയ്തതാണ്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച തൊഴിലാളികള്‍ ഫിഷറീസ് വകുപ്പ് മന്ത്രിയെ കാണുകയും വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതു പരിഗണിച്ച് കളക്ടറും വിസില്‍ എം.ഡിയും സ്ഥലം നേരിട്ട് സന്ദര്‍ശിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിരിക്കെ അര്‍ഹരായ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനിടയില്‍ ഉണ്ടായ പ്രതിഷേധം അനവസരത്തിലാണ്. ഇവരുമായി തുറന്ന ചര്‍ച്ചക്ക് സര്‍ക്കാര്‍ സന്നദ്ധമാണ്. വികസന പദ്ധതികള്‍ക്ക് വേണ്ടി ജീവിതോപാധികള്‍ നഷ്ടപ്പെടുന്ന എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി സംരക്ഷിക്കുക എന്നുള്ളതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ എക്കാലത്തെയും നയമെന്നും വാര്‍ത്താ സമ്മേളനത്തില്‍ തുറമുഖ മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട 56 കട്ടമരത്തൊഴിലാളികള്‍ക്കാണ് കോവളം അനിമേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സഹായധനം വിതരണം ചെയ്തത്. വിസില്‍ എം.ഡി ദിവ്യാ എസ്.അയ്യര്‍, വാര്‍ഡ് കൗണ്‍സിലര്‍ പനിയടിമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.