VIZHINJAM STRIKE
വിഴിഞ്ഞം സമരത്തിനു പിന്നില്‍?
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ മുന്‍ നിര്‍ത്തി ലത്തീന്‍ സഭ നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാക്കാനാണ് സഭയുടെ നീക്കം. കേരളത്തിന്റെ അഭിമാന പദ്ധതിയും സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ നിര്‍മാണ പ്രവൃത്തിയുമായ വിഴിഞ്ഞം തുറമുഖ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
വിഴിഞ്ഞത്ത് തുറമുഖ പദ്ധതി തടസ്സപ്പെടുത്തി ലത്തീന്‍ കത്തോലിക്കാ സഭ നടത്തിവരുന്ന സമരത്തിനെതിരെ ഹൈക്കോടതി. പദ്ധതിക്കെതിരായ പ്രതിഷേധം പദ്ധതി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയാകരുത്. പദ്ധതിയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാമെന്നും പ്രതിഷേധം നിയമത്തിന്റെ പരിധിയില്‍ നിന്നാകണമെന്നും കോടതി ഉണര്‍ത്തി. സമരത്തിന് പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് പോലീസിന്റെ സംരക്ഷണം നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് അദാനിയും തുറമുഖ നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എൻജിനീയറിംഗും നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് അനു ശിവരാമന്റെ വാക്കാലുള്ള ഈ പരാമര്‍ശം.
അതേസമയം, വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ മുന്‍ നിര്‍ത്തി ലത്തീന്‍ സഭ നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാക്കാനാണ് സഭയുടെ നീക്കം. ഇതിന്റെ ഭാഗമായി ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍ കുര്‍ബാനക്കിടെ ഞായറാഴ്ച ക്രിസ്ത്യന്‍ പള്ളികളില്‍ വായിക്കുകയുണ്ടായി. നിലനില്‍പ്പിന് വേണ്ടിയാണ് സമരമെന്നും തീരത്ത് ജീവിക്കാനും മീന്‍പിടിക്കാനുമുള്ള അവകാശം ഭരണഘടനാപരമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നലെ കരയില്‍ നിന്നും കടലില്‍ നിന്നും ഒരു പോലെ സമരക്കാര്‍ തുറമുഖം വളഞ്ഞ് നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയുണ്ടായി. സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ ഏറെക്കുറെ അംഗീകരിക്കപ്പെട്ടെങ്കിലും പദ്ധതി സംബന്ധിച്ച് വീണ്ടും പാരിസ്ഥിതിക പഠനം നടത്തണമെന്നും അതുവരെയും തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്നുമാണ് സഭയുടെ ആവശ്യം. രൂക്ഷമായ കടലേറ്റത്തില്‍ തീരം കടലെടുക്കുന്നത് കൊണ്ട് നിരവധി പേരാണ് അടുത്തിടെ പദ്ധതി പ്രദേശത്തും സമീപ പ്രദേശങ്ങളിലും ഭവനരഹിതരായത്. അദാനി തുറമുഖ നിര്‍മാണം ആരംഭിച്ചതാണ് ഇതിനു കാരണമെന്നാണ് സമരക്കാര്‍ പറയുന്നത്.
അതേസമയം, കേരളത്തിന്റെ അഭിമാന പദ്ധതിയും സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ നിര്‍മാണ പ്രവൃത്തിയുമായ വിഴിഞ്ഞം തുറമുഖ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പുതിയ തൊഴിലവസരം സൃഷ്ടിക്കല്‍, സമ്പദ്ഘടനക്ക് ഉത്തേജനം, സാമ്പത്തിക മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച തുടങ്ങി നിരവധി നേട്ടങ്ങളാണ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തിനും രാജ്യത്തിനും കൈവരുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രതിവര്‍ഷം നടക്കുന്ന 35 ലക്ഷം കണ്ടെയ്‌നറുകളുടെ കൈമാറ്റത്തില്‍ 20 മുതല്‍ 30 ശതമാനം വരെ അവസരം വിഴിഞ്ഞത്തിനുള്ളതാണ്. നിര്‍മാണം വൈകുന്തോറും നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയുടെ ഇടപാടാണ്. പദ്ധതി നിര്‍ത്തിവെച്ചാല്‍ കമ്പനിക്കും സംസ്ഥാനത്തിനും കനത്ത നഷ്ടം സഹിക്കേണ്ടി വരും. രണ്ടാഴ്ചയായി നടന്നു വരുന്ന സമരം തന്നെ പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തെയും പുരോഗതിയെയും സാരമായി ബാധിച്ചിട്ടുണ്ട്. 2023 മാര്‍ച്ചില്‍ പദ്ധതി കമ്മീഷന്‍ ചെയ്ത് മെയില്‍ ആദ്യ കപ്പല്‍ എത്തിക്കാനാണ് നിലവില്‍ അദാനി കമ്പനി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
പോര്‍ട്ട് ഓഫീസ്, വൈദ്യുതി സബ്സ്റ്റേഷന്‍, വര്‍ക്ക്‌ഷോപ്പ് എന്നിവയുടെ നിര്‍മാണമാണ് നിലവില്‍ പൂര്‍ത്തിയായത്. പുലിമുട്ട്, കപ്പല്‍ അടുക്കേണ്ട ബെര്‍ത്തുകള്‍, ബ്രേക്ക് വാട്ടര്‍, അപ്രോച്ച് റോഡ്, വെയര്‍ ഹൗസ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനുണ്ട്. മൂന്ന് കിലോമീറ്റര്‍ നീളമുള്ള ബ്രേക്ക് വാട്ടറില്‍ 1,200 മീറ്റര്‍ മാത്രമേ നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളൂ. 400 മീറ്റര്‍ നീളമുള്ള ആദ്യ ബെര്‍ത്തിന്റെ നിര്‍മാണം 2023 മെയില്‍ പൂര്‍ത്തിയാക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് തുറമുഖ നിര്‍മാണം വേഗത്തിലാക്കി നേട്ടം കൊയ്യാനായിരുന്നു അദാനി ഗ്രൂപ്പിന്റെ ശ്രമം. നിര്‍മാണം തടസ്സപ്പെട്ടാല്‍ ഈ കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കാനാകില്ല.
ലത്തീന്‍ അതിരൂപതയും ആര്‍ച്ച് ബിഷപ്പും സമരത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന പിടിവാശി പ്രദേശവാസികളില്‍ സമരത്തിനെതിരായ വികാരം സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതിക്കു വേണ്ടി തൊഴിലും ഭൂമിയും ഉപേക്ഷിക്കേണ്ടിവന്ന തദ്ദേശീയരില്‍ ഒരു വിഭാഗം ഇപ്പോള്‍ ജനകീയ പ്രതിരോധ സമിതിയെന്ന പേരില്‍ സംഘടിച്ച് തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവരെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ്. കത്തോലിക്കാ സഭയില്‍ പെട്ടതല്ലാത്തവരില്‍ ഭൂരിഭാഗവും സമരത്തില്‍ നിന്ന് പിന്തിരിഞ്ഞെന്നും ആളുകളുടെ കുറവ് പരിഹരിക്കാന്‍ ദൂരെ ദേശങ്ങളില്‍ നിന്ന് സഭയില്‍ പെട്ടവരെ എത്തിക്കുകയാണ് രൂപതയെന്നുമാണ് പറയപ്പെടുന്നത്. കടലിനെ ആശ്രയിച്ചു ജീവിക്കുന്ന നാടാര്‍, പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ട ഏകദേശം ആയിരത്തോളം തൊഴിലാളികളുണ്ട് ഈ പദ്ധതി പ്രദേശത്ത്. തുറമുഖ നിര്‍മാണത്തെ തുടര്‍ന്ന് അവരുടെ തൊഴിലാണ് നഷ്ടപ്പെട്ടത്. പദ്ധതി പ്രദേശത്തിനടുത്തുള്ള മത്സ്യബന്ധന തൊഴിലാളികള്‍ ഇപ്പോഴും കടലില്‍ പോകുന്നുണ്ട്. അവര്‍ക്കൊന്നും തൊഴില്‍ നഷ്ടമായിട്ടില്ല. തുറമുഖ നിര്‍മാണത്തെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് കൂടുതല്‍ ദൂരം കടലില്‍ സഞ്ചരിക്കേണ്ടി വരുമെന്നതിനാല്‍ അവര്‍ക്ക് ദിവസവും നാല് ലിറ്റര്‍ മണ്ണെണ്ണ അധികമായി നല്‍കി വരികയും ചെയ്യുന്നു. ഇവരുടെ പേരുപറഞ്ഞ് മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ വന്നാണ് സമരം ചെയ്യുന്നതെന്നും ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കത്തോലിക്കക്കാരുടെ ആക്ടിവിസ്റ്റ് വിഭാഗങ്ങള്‍ വിഴിഞ്ഞം സമരത്തിനെത്തിയതായും സമരവിരുദ്ധര്‍ പറയുന്നു. പദ്ധതിക്കെതിരായ സമരം വലിയ ഗൂഢാലോചനയാണ്. കൂടംകുളം പദ്ധതി നഷ്ടപ്പെടുത്താന്‍ ശ്രമിച്ചതുപോലെ, തമിഴ്നാട്ടിലെ വേദാന്ത പദ്ധതി നശിപ്പിച്ചതുപോലെ വിഴിഞ്ഞം പദ്ധതിയെയും നശിപ്പിക്കാനാണ് കത്തോലിക്കാ രൂപതക്കാരുടെ ശ്രമമെന്ന് അവര്‍ ആരോപിക്കുന്നു. തീരശോഷണം തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുണ്ടായ പ്രതിഭാസമല്ല, അത് പദ്ധതി നിര്‍മാണത്തിനു മുമ്പേ തുടങ്ങിയതാണെന്നും കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള ഈ പ്രശ്നം ലോകം മുഴുക്കെയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിനു ഗുണകരമായ തുറമുഖ നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി ബഹുജന കൂട്ടായ്മ കഴിഞ്ഞ ദിവസം ബഹുജന കണ്‍വെന്‍ഷനും പ്രകടനവും നടത്തുകയും ചെയ്തിരുന്നു.