Kerala
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2028ഓടെ പൂര്‍ണ സജ്ജമാകുമെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ വലിയ വികസനസാധ്യതകള്‍ക്ക് വഴിയൊരുക്കും

തിരുവനന്തപുരം | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ 2028ഓടെ പൂര്‍ത്തിയാകുമെന്നും അതോടെ അന്താരാഷ്ട്ര ചരക്ക് നീക്കങ്ങളുടെ ഹബ്ബായി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ചരക്കുനീക്കങ്ങളുടെ സിരാകേന്ദ്രമായുള്ള വിഴിഞ്ഞത്തിന്റെ വളര്‍ച്ച കേരളത്തില്‍ വലിയ വികസനസാധ്യതകള്‍ക്കും വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ലോക വാണിജ്യ ഭൂപടത്തില്‍ നമ്മുടെ നാടിനെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കുകയാണ്. ആര്‍ബിട്രേഷന്‍ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്.
വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ 2024 ജൂലൈ 13നാണ് ആരംഭിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്ന് മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ തുറമുഖത്ത് ഇതുവരെ 265 കപ്പല്‍ എത്തി. 5.48 ലക്ഷം ടി ഇ യു ചരക്കുകള്‍ ഇതുവരെ കൈകാര്യം ചെയ്ത് വലിയ മുന്നേറ്റമുണ്ടാക്കാനും സാധിച്ചു. തുറമുഖത്തിന്റെ ആകെ നിര്‍മാണ ചെലവായ 8867.14 കോടി രൂപയില്‍ 5595.34 കോടി രൂപയും സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. 2034 മുതല്‍ തന്നെ ചരക്കുനീക്കങ്ങള്‍ വഴിയുള്ള വരുമാനത്തിന്റെ വിഹിതം സര്‍ക്കാറിന് ലഭിക്കുന്ന രീതിയിലാണ് നിലവിലുള്ള ധാരണയിലെത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.