Kerala
വിഴിഞ്ഞം: കേന്ദ്രസര്‍ക്കാര്‍ തിരിച്ചടവ് വ്യവസ്ഥ അംഗീകരിച്ച് കേരളം വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കും
818 കോടി രൂപ കേന്ദ്രത്തില്‍ നിന്നു സ്വീകരിക്കാനാണ് തീരുമാനം

തിരുവനന്തപുരം | കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വ്യവസ്ഥ അംഗീകരിച്ച് വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രത്തില്‍ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ട് (വി ജി എഫ്) വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
818 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തില്‍ അനുവദിക്കുന്നത്. തുറമുഖം ഉണ്ടാക്കുന്ന ലാഭം കൂടി കണക്കിലെടുത്ത് പലിശ സഹിതം വായ്പ തിരിച്ചടക്കണമെന്നാണ് നിര്‍ദേശം. കേന്ദ്രം മുന്നോട്ട് വച്ച തിരിച്ചടവ് വ്യവസ്ഥയില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കെയാണ് ഫണ്ട് വാങ്ങാനുള്ള തീരുമാനം. വായ്പാ വ്യവസ്ഥ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം കേന്ദ്രം തള്ളിയിരുന്നു.
തിരിച്ചടവ് വ്യവസ്ഥ അംഗീകരിച്ച് കേന്ദ്ര വി ജി എഫ് വേണ്ടെന്ന് വെക്കാനും ബദല്‍ മാര്‍ഗത്തിലൂടെ തുക കണ്ടെത്താനും ആലോചന നടന്നിരുന്നു. എന്നാല്‍ അതിലെ അപ്രായോഗികത കണക്കിലെടുത്താണ് മന്ത്രിസഭായോഗ ഫണ്ട് സ്വീകരിക്കാന്‍ തീരുമാനിച്ചത്. വി ജി എഫ് വേണ്ടെന്ന രാഷ്ട്രീയ തീരുമാനം എടുത്താല്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിലേക്കു പോകേണ്ടിവരുമെന്നും വിഴിഞ്ഞത്തിന്റെ ഭാവി വികനത്തിന് അത് ദോഷം ചെയ്യുമെന്നെ വിലയിരുത്തിയാണ് തീരുമാനം. തുറമുഖത്തിന്റെ ഒന്നാം ഘട്ട കമ്മീഷനിംഗിനായി അടുത്ത മാസം പ്രധാനമന്ത്രിയെത്താനിരിക്കെയാണ് മന്ത്രിസഭാ തീരുമാനം.